Wednesday, March 21, 2018

പുത്തന്‍പാന: ഒന്നാം പാദം--PUTHENPANA CHAPTER 1പുത്തന്‍പാന: ഒന്നാം പാദം


ദൈവത്തിന്റെ സ്ഥിതിയും താന്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരില്‍ ചിലര്‍ പിഴച്ചുപോയതും അതിനാല്‍ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാന്‍ സര്‍പ്പത്തിന്റെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കല്‍ ചെന്നതും...


ആദം ചെയ്ത പിഴയാലെ വന്നതും,
ഖേദനാശവും രക്ഷയുണ്ടായതും,
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേള്‍ക്കേണമേവരും,
എല്ലാം മംഗളകാരണ ദൈവമേ!
നല്ല ചിന്തകളുദിപ്പിക്കേണമേ.
ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു 
നിര്‍മ്മലനീശോ കാരുണ്യമേകണം
അമ്മ കന്യകേ, ശുദ്ധ ശോഭാനിധേ
എന്‍മനസ്തമസ്സൊക്കെ നീക്കേണമേ
വാനവര്‍ നിവിയന്മാര്‍ ശ്ലീഹന്മാരും,
വാനിതില്‍ വിളങ്ങും പുണ്യവാളരും
വന്നിനിക്കു സഹായമായുള്ളിലെ,
മന്ദം നീക്കി വെളിവുദിപ്പിക്കേണം.
സത്യമിങ്ങറിയിച്ച ഗുരുവരന്‍,
മാര്‍ത്തോമായേ! സഹായമേകണമേ!
ഇത്ഥം കേരളസത്യവേദികളെ
നിത്യം ചിന്തയാല്‍ പാലനം ചെയ്യുന്ന 
റമ്പാന്മാരുടെ സഞ്ചയശോഭനന്‍,
മേല്‍പ്പട്ടത്തിനലങ്കാര വര്‍ദ്ധനന്‍,
മെത്രാന്മാരിലഗ്രേസരനുത്തമന്‍ 
ശാസ്ത്രജ്ഞന്‍മാരിലാദ്യന്‍ തപോനിധി,
കുറവറ്റൊരു ഗുണാന്വിത ശീലന്‍ 
മാറന്തോനീസെന്നോടു കല്പിച്ച നാള്‍ 
അങ്ങേയാശീര്‍വ്വാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാന്‍,
വാരവാര്‍ത്തകള്‍ ചൊന്നു തുടങ്ങുന്നു.
സാരസ്യമിതു കേട്ടുകൊള്ളണമെ
ആദിക്കു മുമ്പില്‍ സര്‍വ്വഗുണങ്ങളാല്‍ 
സാദമെന്നിയെ സംപൂര്‍ണ്ണമംഗലന്‍ 
ആദിതാനുമനാദിയാന്തമ്പുരാന്‍ 
ഖേദനാശനാം സ്വസ്ഥനനാരതന്‍ 
ഇടമൊക്കെയും വ്യാപിച്ചു സ്വാമിയും 
ഇടത്തിലടങ്ങാത്ത മഹത്വവും 
സര്‍വ്വകര്‍മ്മങ്ങള്‍ക്കദ്വയനാഥനും,
എല്ലാ രൂപത്തിനനുരൂപരൂപവും,
എല്ലാം തൃപ്തി നിരന്തര പ്രാപ്തിയും.
എല്ലാം ബുദ്ധിയാല്‍ കണ്ടറിയുന്നവന്‍ 
എല്ലാം സാധിപ്പാനും വശമുള്ളവന്‍ 
ഒന്നിനാലൊരു മുട്ടുവരാത്തവന്‍,
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാന്‍,
തന്റെ മുഷ്കരം കാട്ടുവാന്‍ കാരണം
മറ്റു സൃഷ്ടികള്‍ നിര്‍മ്മിച്ചാരംഭിച്ചു
ആകാശമുടന്‍ ഭൂമിയുമാദിയായ് 
വാക്കിന്‍ ശക്തിയായ് ഭുതമായത് വന്നിതു
എത്ര ഭാരമായുള്ള ലോകങ്ങളെ
ചിത്രമര്‍ദ്ധക്ഷണം കൊണ്ടു സൃഷ്ടിച്ചു.
എത്രയത്ഭുതമായതില്‍ നിര്‍മ്മിച്ച
ചിത്രകൗശലമെത്ര മനോഹരം!
മാലാഖാമാരാം പ്രതാപമേറിയ 
സ്വര്‍ലോക പ്രഭു സമൂഹവും തദാ.
സൂക്ഷ്മ, മക്ഷയം, ദീപ്തി ലഘുത്വവും
രക്ഷകന്‍ നല്‍കി ഭൃത്യവൃന്ദത്തിന്
ധീ, സ്മരണ, മനസ്സിതുത്രിവശം
വിസ്മേയനാഥന്‍ നല്‍കി സ്വസാദൃശ്യം
സല്‍പ്രതാപപ്പെരുമയറിവാനും
തല്‍പരനെ സ്തുതിച്ചാരാധിപ്പാനും
ഇപ്രകാരമരുപി സമൂഹത്തെ
താന്‍ പ്രിയത്തോടെ സൃഷ്ടിച്ചനവധി
അവര്‍ക്കാനന്ദമോക്ഷത്തെ പ്രാപിപ്പാന്‍ 
ദേവന്‍ കല്‍പിച്ചു ന്യായപ്രമാണവും 
അരൂപരൂപമായവനിയതില്‍ 
നരവര്‍ഗ്ഗത്തെ സൃഷ്ടിക്കു ദാസരായ് 
ഭൂനരകത്തിലായ് വലയും വിധൌ
ഭൂനരത്രാണത്തിനു മമ സുതന്‍ 
ഭൂതലേ നരനായവതരിക്കും
ഭൂതനാഥനെ വന്ദിച്ചാരാധിച്ചു
നീതിസമ്മതഞ്ചെയ്തു കൃപാഫലം 
സതതാനന്ദ മോക്ഷത്തെ നേടിടുവാന്‍ 
മേവിധിയതു സമ്മതമല്ലെങ്കില്‍ 
ഭവിക്കും സദാ സങ്കടം നിശ്ചയം 
പരീക്ഷിപ്പതിന്നായൊരു കല്‍പന 
പരമദേവന്‍ കല്‍പിച്ചനന്തരം 
സ്വാമിതന്നുടെ ന്യായദയാവിധി
സുമനസ്സോടെ സമ്മതിച്ചു പലര്‍ 
അസമേശനെക്കണ്ടവരക്ഷണെ 
അസമഭാഗ്യ പ്രാപ്തിയെ നേടിനാര്‍ 
മോക്ഷഭാഗ്യം ഭവിച്ച മാലാഖമാര്‍ 
അക്ഷയസുഖം വാഴുന്നാനന്ദമായ് 
ശേഷിച്ച മഹാ മുഖ്യസ്വരൂപികള്‍ ,
ഭോഷത്തം നിരൂപിച്ചു മദിച്ചുടന്‍ 
അവര്‍ക്കു ദേവന്‍ നല്‍കിയ ഭാഗ്യങ്ങള്‍ 
അവര്‍ കണ്ടു നിഗളിച്ചനേകവും 
ദേവനോടും സമമെന്നു ഭാവിച്ച് 
ദൈവകല്‍പന ലംഘനം ചെയ്തവര്‍ 
നിന്ദ ചെയ്തതു കണ്ടഖിലേശ്വരന്‍ 
നിന്ദാഭാജന നീചവൃന്ദത്തിനെ 
സ്വരൂപശോഭ നീക്കി വിരൂപവും 
അരൂപികള്‍ക്ക് നല്‍കി നിരാമയം 
ദേവകോപ മഹാശാപവും ചെയ്ത് 
അവനിയുടെ ഉള്ളിലധോലോകേ 
നിഷ്ഠൂരികളെ തട്ടിക്കളഞ്ഞുടന്‍ 
കഷ്ടമായ മഹാ നരകാഗ്നിയില്‍ 
ദുഷ്ടരായ പിശാചുക്കളൊക്കെയും 
നഷ്ടപ്പെട്ടതില്‍ വീണു നശിക്കിലും 
ദുഷ്ടത, ഗുണദോഷ, പൈശൂന്യവും 
ഒട്ടുമേ കുറവില്ലവര്‍ക്കൊന്നുമേ.
മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാന്‍ 
പിന്നെ മന്നിലുണ്ടാക്കി പലതരം 
ആറാം നാളതില്‍ മര്‍ത്ത്യരില്‍ മുമ്പനെ 
അറാവുത്തായില്‍ സൃഷ്ടിച്ചു തമ്പുരാന്‍ 
മണ്ണുകൊണ്ടൊരു യോഗ്യശരീരത്തെ-
യുണ്ടാക്കിയതില്‍ ജീവനെ പൂകിച്ചു.
ബുദ്ധിചിത്തവും പഞ്ചേന്ദ്രിയങ്ങളും 
ആദമെന്നൊരു പേരും കൊടുത്തിതു 
പറുദീസായിലിരുത്തിയാദത്തെ 
ഏറെസൌഖ്യമുള്ള സ്ഥലമായത് 
സ്വപ്നത്തിലന്റെയൊരു വാരിയാല്‍ 
തമ്പുരാന്‍ സ്ത്രീയെ നിര്‍മ്മിച്ചു തല്‍ക്ഷണം 
ആദിനാഥനു പുത്രരിതെന്നപോല്‍ 
ആദം ഹാവായും നരപിതാക്കളായ് 
തല്‍ബുദ്ധിയും മനസുമതുപോലെ 
നല്‍കി ദേവന്മാര്‍ക്കു കരുണയാല്‍ 
നേരുബുദ്ധിയില്‍ തോന്നിടും നേരിന്നു 
വൈരസ്യമവര്‍ക്കിഛയായ് വന്നീടാ
ന്യായം പോല്‍ നടപ്പാന്‍ വിഷമമില്ല
മായമെന്നതു ബുദ്ധിയില്‍ തോന്നിടാ
ദൃഷ്ടിക്കെത്തുന്ന വസ്തുക്കളൊക്കെയും,
സൃഷ്ടമായൊരീഭൂമിയും വ്യോമവും 
അവര്‍ക്കുപകാരത്തിനു തമ്പുരാന്‍ 
കീഴടക്കിക്കൊടുത്തു ദയവോടെ 
സിംഹവ്യാഘ്രങ്ങള്‍ പക്ഷിനാല്‍ക്കാലികള്‍ 
അങ്ങുന്നൊക്കെ മാനുഷര്‍ക്കു നല്‍കിനാന്‍ 
മൃഗങ്ങള്‍, വിധിയായവ്വണ്ണമുടന്‍ 
വര്‍ഗ്ഗത്താത് സ്വര്‍ഗ്ഗനാഥനെ ശങ്കിക്കും.
നക്ര, ചക്ര, മകരാദി മത്സ്യങ്ങള്‍ 
ഭക്ഷ്യകാകനിക്കൂടെയുമവ്വണം 
വൃക്ഷങ്ങള്‍ പുല്ലും പുഷ്പാദിവര്‍ഗ്ഗവും 
ഒക്കെയാദത്തിന്‍ കല്‍പന കേള്‍ക്കുമേ.
കണ്ടതെല്ലാമനുഭവിപ്പാന്‍ വശം 
ദണ്ഡത്തിന്നുടെ പേരുമില്ല സദാ
കേടും ക്ലേശവും എന്തെന്നറിവില്ല.
പേടിക്കുമൊരു ശക്തരിപുവില്ല,
പൈയും ദാഹവും തീര്‍പ്പതിനൊക്കവേ
വിയര്‍പ്പെന്നിയെ ഭൂമി കൊടുത്തിടും 
ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാന്‍ 
അന്തമില്ലാത്തൊരീശന്‍ ദയാപരന്‍,
അല്‍പിതാവു തനയന്മാര്‍ക്കെന്നപോല്‍ 
താന്‍ പ്രിയത്തോടു സൃഷ്ടിച്ചു നല്‍കിനാന്‍.
പിന്പവര്‍ക്കൊരു പ്രമാണം കല്‍പിച്ചു
അന്പിനോടതു കാക്കണം പഥ്യമായ്,
തല്‍പരനെന്നൊരുള്‍ഭയമെപ്പോഴും 
ഉള്‍പ്പൂവിലവരോര്‍ക്കണമെന്നിട്ട്,
വൃക്ഷമൊന്നു വിലക്കി സര്‍വ്വേശ്വരന്‍ 
അക്ഷിഗോചരമൊക്കെയും ദത്തമായ് 
ഒന്നുമാത്രമരുതൊരു കാകനി 
തിന്നാല്‍ ദോഷവും നാശവുമാമത്,
എപ്പോഴുമെന്നെയോര്‍ത്ത് പ്രിയത്താലെ 
ഇപ്രമാണം വഴിപോലെ കാക്കേണം 
ഇക്കല്‍പനയ്ക്കൊരീഷല്‍ വരുത്തായ്കില്‍ 
എല്ലാ ഭാഗ്യവുമന്തരിക്കയില്ല
അവര്‍ക്കുമര്‍ക്കുള്ള ജന്മത്തിന്നും 
നിര്വ്വിശേഷസൌഖ്യം രസിക്കാം സദാ,
കല്‍പനയ്ക്കൊരു വീഴ്ച വരുത്തിയാല്‍ 
അപ്പോള്‍ ദുര്‍ഗ്ഗതിവാതില്‍ തുറന്നുപോം 
അനര്‍ത്ഥങ്ങളനേകമുണ്ടായ്‍വരും 
സന്തതിയും നശിക്കുമനന്തരം,
ഇഗ്ഗുണ ശുഭ ഭാഗ്യവും നാസ്തിയാം 
നിര്‍ഗുണ താപവാരിയില്‍ വീണുപോം 
ഇപ്പടി ഗുണദോഷഫലങ്ങളും 
തല്‍പരനരുളിച്ചെയ്തിരുന്നതിനാല്‍ 
ചൊല്‍പെരിയവന്‍ കല്‍പിച്ചതുപോലെ 
ഉള്‍പ്രസാദിച്ചവരിരിക്കും വിധൌ 
അപ്പോഴെ നരകത്തിലസുരകള്‍ 
ഉള്‍പുവിലതിദ്വേഷം കലര്‍ന്നുടന്‍ 
മുന്നം വാനതിലാഞ്ചുകളായി നാം 
ഉന്നതപ്രഭയോടെ വിളങ്ങുന്നാള്‍ 
അന്നു ദേവതിരുവുള്ളക്കേടിനാല്‍ 
വന്‍നരകത്തില്‍ പോന്നതിവര്‍ മൂലം 
മര്‍ത്ത്യദേവനെ വന്ദിച്ചാരാധിപ്പാന്‍ 
കീര്‍ത്തിഹീനം നമുക്കു വിധിച്ചത് 
ഒത്തു സമ്മതിച്ചില്ലെന്ന കാരണത്താല്‍ 
കര്‍ത്താവു നമ്മേ ശിക്ഷിച്ചധോലോകേ
അന്നു നാശം നമുക്കു ഭവിച്ചതു 
മിന്നരകുലത്തിന്നുടെ കാരണം 
എന്നതുകൊണ്ടീ മനുഷവര്‍ഗ്ഗത്തെ 
ഇന്നരകത്തില്‍ കൂടെ മുടിക്കേണം
ദേവന്‍ നമ്മേ ശിക്ഷിച്ചതിനുത്തരം 
ദേവസേവകരെ നശിപ്പിക്കേണം 
ദേവനോടും മാലാഖാവൃന്ദത്തോടും 
ആവതല്ലിവരോടേ ഫലിച്ചീടു,
എന്നതിനെന്തുപായം നമുക്കെന്നു-
വന്നരക പിശാചുക്കള്‍ ചിന്തിച്ചു.
ദേവനിഷ്ടരവരതു കാരണം 
ആവതില്ല നമുക്കവരോടിപ്പോള്‍ 
അവരില്‍ തിരുവുള്ളം കുറയുമ്പോള്‍ 
അവരോടു ഫലിക്കും നമുക്കഹോ 
തിരുവുള്ളം കുറയണമെങ്കിലോ
അരുളപ്പാടവരു കടക്കേണം 
ദേവകല്‍പന സംഘിക്കിലാരേയും 
ദേവന്‍ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ 
എങ്കിലോയിവര്‍ക്കുമൊരു പ്രമാണം 
സകലേശ്വരന്‍ കല്‍പിച്ചിട്ടുണ്ടല്ലോ 
എന്നാലാവിധി ലംഘനം ചെയ്യിപ്പാന്‍ 
ചെന്നു വേലചെയ്തിടേണം നാമിപ്പോള്‍ 
എന്നുറച്ചു പിശാചു പുറപ്പെട്ടു 
അന്നു വഞ്ചകന്‍ തന്‍ വ്യാജക്രിയയ്ക്ക് 
തക്ക വാഹനമായ് കണ്ടു സര്‍പ്പത്തെ 
എക്കാലത്തും മര്‍ത്ത്യര്‍ക്കു രിപു സര്‍പ്പം 
അറപ്പാന്‍ യോഗ്യന്‍ വിഷം ധൂളുന്നവന്‍ 
മറിഞ്ഞിഴഞ്ഞു ഭൂമിയില്‍ മേവുന്നോന്‍ 
നീചന്‍ ഘാതകന്‍ ജാത്യാരിപു സാത്താന്‍ 
നീചസര്‍പ്പത്തില്‍ ചെന്നു ഹാവാ മുന്നില്‍ 

ഒന്നാം പാദം സമാപ്തം
Reactions:

0 comments:

Post a comment

 
Configuration After installing, you might want to change these default settings: perPage: 7, numPages: 6, var firstText ='First'; var lastText ='Last'; var prevText ='« Previous'; var nextText ='Next »'; }