ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വിശുദ്ധന്‍
Saint Kuriakose Elias Chavara
മാര്‍തോമാശ്ളീഹയില്‍ നിന്നു നേരിട്ട് സത്യവിശ്വാസം സ്വീകരിക്കുവാന്‍ മലയാളക്കരയ്ക്ക് സാധിച്ചു. പക്ഷേ, വിശ്വാസത്തിലേക്കു വന്ന മറ്റു രാജ്യങ്ങളിലേതു പോലെ നമ്മുടെ നാട്ടില്‍ നിന്ന് എന്തേ ഒരു വിശുദ്ധനോ വിശുദ്ധയോ ഉണ്ടാകാത്തത്- ജീവിച്ചിരിക്കുമ്പോള്‍ ചാവറയച്ചന്‍ അറിയപ്പെട്ടിരുന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ജീവിതം സമ്പൂര്‍ണമായി അടിയറവു വച്ചതാണ് ചാവറയച്ചന്റെ ആത്മീയോന്നമനത്തിന്റെ കാതല്‍. വിശുദ്ധ ജീവിതം കൊണ്ട് സഹജീവികളില്‍ അത്ഭുതാദരവുകള്‍ സൃഷ്ടിക്കുമായിരുന്നെങ്കിലും മരണാനന്തരം വിശുദ്ധപദവി തേടിയെത്തണമെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്...
ചാവറയച്ചനോട് പ്രാര്‍ഥിച്ച് രോഗസൌഖ്യം നേടിയ അല്‍ഫോന്‍സാമ്മയും അദ്ദേഹം സ്ഥാപിച്ച പ്രഥമസന്യാസിനി സഭയില്‍ നിന്നുള്ള ഏവുപ്രാസ്യമ്മയും വിശുദ്ധപദം അലങ്കരിക്കുമ്പോള്‍ ചാവറയച്ചന്റെ ആത്മാവിനു സന്തോഷിക്കാം... താന്‍ തെളിച്ചു കൊടുത്ത ആത്മീയ പാതയിലൂടെ സഞ്ചരിച്ച് സ്വര്‍ഗം പൂകിയ ഈ വിശുദ്ധാത്മാക്കളുടെ പിന്നാലെ വിശുദ്ധപദവി പ്രഖ്യാപനം കാത്തുകഴിയുന്ന പുണ്യാത്മാക്കള്‍ കേരളത്തിലിനിയുമുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. കേരളത്തില്‍ വിശുദ്ധരെ സൃഷ്ടിക്കാന്‍ അക്ഷ”ീണം യത്നിച്ച്, ആത്മീയരംഗത്ത് ഉറച്ച അടിത്തറ പാകി ഇവര്‍ക്കെല്ലാം മുമ്പേ ജീവിച്ചു മറഞ്ഞുപോയെങ്കിലും ചാവറയച്ചന്‍ കത്തോലിക്കാസഭയുടെ കെടാവിളക്കായി തിരുസഭയില്‍ ശോഭിക്കുന്നു. ആഴമേറിയ ആധ്യാത്മികതയ്ക്ക് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി അദ്ദേഹം ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ കേരളസഭയ്ക്കു പുതുജീവന്‍ നല്‍കി.... മാമോദീസായില്‍ ലഭിച്ച വരപ്രസാദം ഒരിക്കലും കളഞ്ഞിട്ടില്ലെന്ന് മരണക്കിടക്കയില്‍ വച്ച് അദ്ദേഹം പറഞ്ഞത്, അത്രമാത്രം വിശുദ്ധിയിലാണ് അദ്ദേഹം ജീവിച്ചത് എന്നതിന്റെ സൂചനയാണ്.
ചാവറയച്ചന്റെ മാധ്യസ്ഥം വഴി പാലാ കൊട്ടാരത്തില്‍ ജോസിന്റെയും മേരിയുടെയും മകള്‍ മരിയയുടെ രണ്ട് കോങ്കണ്ണുകളും നേരെയായി എന്ന അത്ഭുതമാണ് ചാവറയച്ചനെ വിശുദ്ധപദവിയിലേക്കുയര്‍ത്തുവാന്‍ നിദാനമായത്. 2009 മേയ് 27നാണ് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടിയുടെ ഭാഗമായാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലുറങ്ങാടിന്റെ അന്വേഷണത്തിനുശേഷം കൂടുതല്‍ പഠനത്തിനായി ട്രൈബ്യൂണലിനെ നിയമിച്ചു. ട്രൈബൂണലിന്റെ റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിനു 2011 സെപ്റ്റംബറില്‍ കൈമാറി. അവിടെനിന്നുമത് വത്തിക്കാനിലെ നാമകരണ തിരുസംഘത്തിനു കൈമാറി. രൂപതാ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ടുള്ള തീരുമാനം വത്തിക്കാനില്‍ നിന്നും 2012 മേയ്മാസത്തില്‍ ലഭിച്ചു. വിദഗ്ധ പഠനത്തിനായി റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ക്ക് കൈമാറി. ഇതുകൂടി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് 2013 സെപ്റ്റംബര്‍ 26നു മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ചു. രണ്ടു കോങ്കണ്ണും ഒരുപോലെ നേരെയായത് വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് അത്ഭുതമായി പരിഗണിക്കണമെന്നും ബോര്‍ഡിലെ അംഗങ്ങള്‍ രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകളുടെ സംക്ഷിപ്തരൂപം കര്‍ദിനാള്‍മാരുടെ സംഘത്തിനു കൈമാറി കര്‍ദിനാള്‍മാരുടെ പ്ളീനറി അസംബ്ളി ഇക്കഴിഞ്ഞ മാര്‍ച്ച് 18നു റിപ്പോര്‍ട്ട് ഔദ്യോഗികമായി അംഗീകരിച്ചതോടെ മാര്‍പ്പാപ്പ ഔദ്യോഗികമായി വിശുദ്ധപദവി പ്രഖ്യാപിക്കുകയായിരുന്നു.
പിമ്പേ ഗമിച്ചവര്‍ ഇതിനകം വിശുദ്ധരായി കഴിഞ്ഞെങ്കിലും പതിറ്റാണ്ടുകള്‍ നീണ്ട നാമകരണ നടപടികള്‍ക്കൊടുവിലാണ് ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം. ചാവറയച്ചന്‍ മരണമടഞ്ഞതിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടാണ് നാമകരണ നടപടികള്‍ തുടങ്ങിയത്. 1936ല്‍ കര്‍മലീത്ത സഭയുടെ സമ്മേളനത്തിലാണ് നാമകരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായത്. 1955ല്‍ 12-ാം പിയൂസ് മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച് രൂപതാതലത്തില്‍ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ മാര്‍ മാത്യു കാവുകാട്ട് മെത്രാനെ അധികാരപ്പെടുത്തി. 1957ല്‍ മാര്‍ മാത്യു കാവുകാട്ട് നാമകരണത്തിനുള്ള കമ്മിഷനെ നിയോഗിച്ചു. തുടര്‍ന്നു മൂന്നു കോടതികള്‍ സ്ഥാപിച്ചു. എഴുത്തുകള്‍ പരിശോധിക്കുന്നതിനുള്ള കോടതിയും അത്ഭുതങ്ങള്‍. പരീക്ഷിക്കാനുള്ള കോടതിയും 1962ല്‍ ആരംഭിച്ചു. നിയമവിരുദ്ധമായി പരസ്യവണക്കം നടന്നിട്ടുണ്ടോ എന്നറിയാനുള്ള കോടതി 1969ല്‍ തുടങ്ങി. കോടതികളുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചുകൊണ്ട് മാര്‍ മാത്യു കാവുകാട്ട് ഇടയലേഖനം പ്രസിദ്ധീകരിച്ചു. 1970ല്‍ കോടതികളും കമ്മിഷനും ജോലി പൂര്‍ത്തിയാക്കി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറ രേഖകളെല്ലാം മുദ്രവച്ച് റീത്തുകളുടെ തിരുസംഘത്തിന് അയച്ചു. 1978ല്‍ 13 പണ്ഡിതന്മാരുടെ സംഘം രേഖകള്‍ പഠിച്ചു. ദൈവദാസന്റെ നാമകരണ നടപടികള്‍ സ്വീകരിക്കുമെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുകയും ചെയ്തു.
നാലുകാര്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായി ഗവേഷണങ്ങള്‍. ഒന്ന്- അദ്ദേഹത്തിന്റെ ജീവിതത്തിലെ വിശ്വാസം, നന്മചെയ്യാനുള്ള സന്നദ്ധത. രണ്ട്- ഗവേഷണത്തിനായി ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി തെളിയുന്നുണ്ടോ. മൂന്ന്- മരണത്തിനു ശേഷം അദ്ദേഹത്തോടുള്ള വണക്കമെങ്ങനെ. വിശ്വാസികള്‍ക്കിടയില്‍ വണക്കം വര്‍ധിച്ചു വരുന്നുണ്ടോ. നാല് - ചാവയറച്ചന്റെ വിശുദ്ധിയുടെ വശ്യതയും കാലം ചെല്ലുന്തോറുമുള്ള വളര്‍ച്ചയും. ചാവറയച്ചന്റെ ജീവിതകാലത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുവാന്‍ സമകാലികര്‍ ആരും ജീവിച്ചിരിപ്പില്ല എന്നതായിരുന്നു ഒരു കടമ്പ.
ചാവറയച്ചന്‍ പോര്‍ച്ചുഗലിലേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും ബിഷപ്പുമാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. പൌരസ്ത്യ സഭകളിലെ ബിഷപ്പുമാരുമായും ബന്ധമുണ്ടായിരുന്നു. ഇവ സംബന്ധിച്ച രേഖകള്‍ അതാതു രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കണമെന്നുണ്ട്. നാമകരണ നടപടികളിലെ പ്രധാന അവസരമാണിത്. പല ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഒടുവില്‍ വിവിധ രാജ്യങ്ങളിലെ 46 കേന്ദ്രങ്ങളില്‍ നിന്ന് 210 രേഖകള്‍ ശേഖരിച്ചു. വിവിധ രേഖകള്‍ സമാഹരിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 വര്‍ഷത്തോളമെടുത്തു. റിപ്പോര്‍ട്ടുകളെല്ലാം ലത്തീന്‍ഭാഷയില്‍ വേണമെന്നത് നിര്‍ബന്ധമായിരുന്നു. റിപ്പോര്‍ട്ടുകളെല്ലാം വത്തിക്കാനില്‍ പരിശോധിച്ച് ചാവറയച്ചന്‍ സുകൃതങ്ങള്‍ വീരോചിതമായി അഭ്യസിച്ചിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് മാര്‍പ്പാപ്പ ഒപ്പുവച്ചു. തുടര്‍ന്ന് 1984 ഏപ്രില്‍ ഏഴാംതീയതി അദ്ദേഹത്തെ ധന്യപദവിയിലേക്കുയര്‍ത്തി. 1985 ജൂണ്‍ 21നു ചാവറയച്ചന്റെ കബറിടം ഔദ്യോഗികമായി തുറന്നു പരിശോധിച്ചു. 1986ല്‍ ചാവറയച്ചനെ ഇന്ത്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരള സന്ദര്‍ശനവേളയില്‍ കോട്ടയത്തു വച്ച് പ്രഖ്യാപിച്ചു. രണ്ടാമത്തെ അത്ഭുതം സ്വീകരിച്ചതോടെ വിശുദ്ധ സിംഹാസനത്തിലേക്കുള്ള കവാടവും ചാവറയച്ചനു മുമ്പില്‍ തുറക്കപ്പെട്ടു.
കടപ്പാട്: Manoramaonline