• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Showing posts with label അമ്പത്തിമൂന്നുമണി ജപം. Show all posts
Showing posts with label അമ്പത്തിമൂന്നുമണി ജപം. Show all posts

Friday, May 02, 2014

അമ്പത്തിമൂന്നുമണി ജപം-Holy Rosary



അമ്പത്തിമൂന്നുമണി ജപം

Holy Rosary





ചൊല്ലേണ്ട വിധം
 ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു - കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.
1.കുരിശ്: ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.
2.കുരിശിനടുത്തുള്ള വലിയ മണി: ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” ചൊല്ലുന്നു
3.വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ : മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ “നന്മ നിറഞ്ഞ മറിയം”
4.മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”
5.പത്ത് ചെറിയ മണികള്‍ : പത്ത് “നന്മ നിറഞ്ഞ മറിയം”
6.പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)



അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിയ്ക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ! അങ്ങ് സഹായം ചെയ്യണമേ! 

വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ. 

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ. 

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ. 

പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ. 

1 നന്മ നിറഞ്ഞ.
1 ത്രിത്വസ്തുതി. 




( തിങ്കള്‍ , ശനി ദിവസങ്ങളിലും, മംഗലവാര്‍ത്തക്കാലത്തെ ഞായറാഴ്ചകളിലും, ദനഹാതിരുനാള്‍ മുതല്‍ വലിയ നോമ്പ് വരെയുള്ള ഞായറാഴ്ചകളിലും ചൊല്ലേണ്ട സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്‍ )

ഒന്നാം ദൈവരഹസ്യം
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍‌, ദൈവകല്പനയാല്‍ അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍‌‌‌‌‌‌ , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന്‍ കൃപ ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിയ്ക്ക് സര്‍വ്വേശ്വരന്‍ ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്‍ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ലൗകിക സന്തോഷങ്ങള്‍ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിയ്ക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തി‌മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ , തന്നെ ഒരിക്കലും പാപത്താല്‍ വിട്ടുപിരിയാതിരിക്കുവാനും, വിട്ടുപിരിഞ്ഞുപോയാലുടന്‍ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( ചൊവ്വാ, വെള്ളി ദിവസങ്ങളിലും, വലിയ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ചൊല്ലേണ്ട ദുഃഖാത്മകമായ ദൈവരഹസ്യങ്ങള്‍ )


ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനക്ലേശത്താല്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനസ്തപിച്ചു പാപശാന്തി ലഭിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കല്‍‌ത്തൂണില്‍ കെട്ടപ്പെട്ടു ചമ്മട്ടികളാല്‍ അടിയ്ക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാവുന്ന കഠിനശിക്ഷകളില്‍ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ തിരുശിരസ്സില്‍ മുള്‍‌മുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതുകളയുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിയ്ക്കപ്പെട്ടു ഭാരമേറിയ ശ്ലീവാമരം ചുമന്നു കൊണ്ട് ഗാഗുല്‍ത്താമലയിലേയ്ക്കു പോകുന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ദുഃഖമാകുന്ന ശ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ചൊല്ലേണ്ട മഹിമയ്ക്കടുത്ത ദൈവരഹസ്യങ്ങള്‍ ‍)

ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പാടുപെട്ടു മരിച്ചു മൂന്നാംനാള്‍ എന്നന്നേയ്ക്കും ജീവിക്കുന്നവനായി ഉയിര്‍ത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പാപമാകുന്ന മരണത്തില്‍ നിന്ന് നിത്യമായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തു നാല്പതാം ദിവസം അനന്തമായ മഹിമപ്രതാപത്തോടുകൂടി മോക്ഷാരോഹണം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ചു മോക്ഷഭാഗ്യം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ആകാശത്തിലേയ്ക്കെഴുന്നള്ളിയതിന്റെ പത്താംനാള്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന തന്റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാല്‍ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരിശുദ്ധാത്മാവിന്റെ പ്രസാദവരത്താല്‍ ദൈവതിരുമനസ്സുപോലെ വ്യാപരിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ അങ്ങ് ഇഹലോകത്തില്‍ നിന്നും മാലാഖാമാരാല്‍ ആകാശമോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! സ്വര്‍ഗ്ഗത്തില്‍ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അങ്ങയെ ത്രിലോക രാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിയ്ക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തില്‍ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിക്കുവാന്‍ കൃപചെയ്യണമെ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



( വ്യാഴാഴ്ച ദിവസം ചൊല്ലേണ്ട പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍ )

ഒന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാനില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് സകല നീതിയും പൂര്‍ത്തിയാക്കിയതിനെപറ്റി ധ്യാനിയ്ക്കുന്ന ഞങ്ങള്‍ മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിയ്ക്കുന്നതിനും പുണ്യ പ്രവൃത്തികളിലുടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

രണ്ടാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തില്‍ അത്ഭുതകരമായ സഹായം നല്‍കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിയ്ക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവികചൈതന്യം കൊണ്ട് സ്വര്‍ഗ്ഗീയമാക്കിത്തീര്‍ക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

മൂന്നാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിച്ചെയ്തുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവര്‍ത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിയ്ക്കുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

നാലാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍ വച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധീകരിക്കുവാനും സ്വര്‍ഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

അഞ്ചാം ദൈവരഹസ്യം 

പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് തന്റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍‌ക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്‍കിയല്ലൊ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവികരായി രൂപാന്തരം പ്രാപിക്കുവാന്‍ കൃപചെയ്യണമേ. 

1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം



ജപമാല സമര്‍പ്പണജപം

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും, ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 

ലുത്തീനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, (പ്രതിവചനം: “ഞങ്ങളെ അനുഗ്രഹിക്കേണമേ”)
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
പിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക സ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ, (പ്രതിവചനം: “ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ”)
ദൈവകുമാരന്റെ പുണ്യജനനി,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിയ്ക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിയ്ക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാനപൂരിതപാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശമോക്ഷത്തിന്റെ വാതിലേ,
ഉഷഃകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി,

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിയ്ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ഭൂലോകപാപങ്ങള്‍ നീക്കുന്ന...
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകള്‍ അങ്ങു നിരസിക്കല്ലേ! ഭാഗ്യവതിയും ആശീര്‍വ്വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. 

മു. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ !
സ. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍‌പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശതൃക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകള്‍ ഒക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍ 

പരിശുദ്ധ രാജ്ഞീ...
പ്രാര്‍ത്ഥന

സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടൂവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍