Sunday, January 04, 2015

'സൂപ്പർ പെർഫോമൻസി'ന്റെ രഹസ്യം-Michelangelo

'സൂപ്പർ പെർഫോമൻസി'ന്റെ രഹസ്യം- Michelangelo


മൈക്കിൾ ആഞ്ചലോ ഒരു ശില്പിയായിട്ടാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 'പിയാത്ത', 'ഡേവിഡ്' തുടങ്ങിയ വിശ്വപ്രസിദ്ധങ്ങളായ ശില്പങ്ങളിലൂടെ പ്രശസ്തനായിരുന്ന അദ്ദേഹം തനിക്ക് ചിത്രകലയിൽ വലിയ പ്രാവീണ്യമൊന്നും ഇല്ലായെ ന്ന് സ്വയം കരുതിയിരുന്നു. അങ്ങനെയിരിക്കെ പോപ്പ് ജൂലിയസ് രണ്ടാമൻ, മാർപാപ്പമാരുടെ കല്ലറകൾ രൂപകല്പന ചെയ്യാൻ അദ്ദേഹത്തെ വിളിച്ചുവരുത്തി. മൈക്കിൾ ആഞ്ചലോയുടെ കലാവൈഭവം തിരിച്ചറിഞ്ഞ പോപ്പ് സിസ്റ്റൈൻ ചാപ്പൽ പെയിന്റ് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ മൈക്കിൾ ആഞ്ചലോ ധർമസങ്കടത്തിലായി. കാരണം താൻ ഒരു ശില്പി മാത്രമാണെന്നും ചിത്രകല തനിക്ക് വശമില്ലെന്നുമാണ് അന്നുവരെ അദ്ദേഹം കരുതിയിരുന്നത്. പക്ഷേ, മാർപാപ്പ നിർബന്ധിക്കുമ്പോൾ എങ്ങനെ എതിരു പറയും. പെയിന്റിംഗ് ശരിയായില്ലെങ്കിൽ മാർപാപ്പയുടെ അതൃപ്തിക്ക് പാത്രമാകുമെന്നു മാത്രമല്ല തന്റെ പേരും മോശമാകും. എങ്കിലും അദ്ദേഹം മാർപാപ്പയുടെ നിർബന്ധത്തിന് വഴങ്ങി സിസ്റ്റൈൻ ചാപ്പലിന്റെ പെയിന്റിംഗ് ജോലി ഏറ്റെടുത്തു. 33-ാമത്തെ വയസിൽ പെയിന്റിംഗ് ആരംഭിച്ച അദ്ദേഹം 37-ാം വയസിലാണ് അത് പൂർത്തിയാക്കിയത്. നാലുവർഷംകൊണ്ട് 400 വ്യക്തികൾ, ഒമ്പത് സീനുകൾ... പാശ്ചാത്യ ചിത്രകലയുടെ ഗതിയെപ്പോലും മാറ്റിമറിച്ച ഒരു സംഭവമായി ആ പെയിന്റിംഗ് മാറി. പക്ഷേ, ഈ നാലുവർഷംകൊണ്ട് കണ്ടാൽ തിരിച്ചറിയാൻപോലും ആകാത്തവിധത്തിൽ ഒരു വൃദ്ധനെപ്പോലെ മൈക്കിൾ ആഞ്ചലോ മാറിപ്പോയി. ഒരിക്കൽ അദ്ദേഹത്തെ കാണാനെത്തിയ ഒരു സ്‌നേഹിതൻ, ചാപ്പലിന്റെ മൂലകളിൽപ്പോലും വലിയ ശ്രദ്ധ കൊടുക്കുന്നതുകണ്ട് ചോദിച്ചു:

''ആ മൂലകളിലൊക്കെ ഇത്രയും സമയം ചെലവഴിച്ച് കഷ്ടപ്പെടുന്നതെന്തിനാ? അവിടെയൊന്നും ആരും ശ്രദ്ധിക്കുകയില്ല.''

അതുകേട്ട് മൈക്കിൾ ആഞ്ചലോ ഇങ്ങനെ മറുപടി പറഞ്ഞു:
''മനുഷ്യർ ഒരുപക്ഷേ അവിടെയൊന്നും ശ്രദ്ധിക്കു കയില്ലായിരിക്കും. പക്ഷേ, ദൈവം കാണും.''
മൈക്കിൾ ആഞ്ചലോയുടെ എല്ലാ കലാസൃഷ്ടികളും അനശ്വരങ്ങളായിരുന്നതിന്റെ രഹസ്യം ഈ വാക്കുകളിലുണ്ട്.

''ദൈവം എല്ലാം കാണുന്നുണ്ട്'' എന്ന് നമ്മളൊ ക്കെ പറയാറുണ്ടെങ്കിലും നാം അതിൽ ശരിയായി വിശ്വസിക്കുന്നില്ല. കാരണം ദൈവം എല്ലാം കാണുന്നുണ്ട് എന്ന് ബോധ്യമുള്ളപ്പോൾ നമുക്കെങ്ങനെ പാപം ചെയ്യാൻ പറ്റും? എങ്ങനെ ജോലികളിൽ വീഴ് ച വരുത്താൻ പറ്റും? എങ്ങനെ വഞ്ചനയും തിന്മയും നിരൂപിക്കാൻ സാധിക്കും? നാട്ടുകാരറിഞ്ഞാൽ മോ ശം, വീട്ടുകാരറിഞ്ഞാൽ മോശം, അതിനാൽ അവരുടെ മുന്നിൽ മോശക്കാരാകാതിരിക്കാൻ നാം പലതും വേണ്ടായെന്നുവയ്ക്കും. എന്നാൽ, ദൈവം അറിഞ്ഞാൽ മോശം എന്ന് ചിന്തിക്കാറില്ല. കാരണമെന്താണ്? ദൈവവിശ്വാസമില്ലായ്മയും ദൈവഭയമില്ലായ്മയും തന്നെ.

ഉഴപ്പി ജീവിക്കുന്നത് ദൈവവിശ്വാസമില്ലായ്മയുടെ അടയാളമാണ്. പ്രാർത്ഥനയിൽ ഉഴപ്പരുത്, ജോലിയിൽ ഉഴപ്പരുത്, ശുശ്രൂഷകളിൽ ഉഴപ്പരുത്. കാരണം ദൈവം എല്ലാം കാണുന്നുണ്ട്.
പൗലോസ് ശ്ലീഹാ പറയുന്നു: ''മനുഷ്യനുവേണ്ടിയല്ല, കർത്താവിനുവേണ്ടി എന്നപോലെ സൻമനസോടെ ശുശ്രൂഷ ചെയ്യണം'' (എഫേ. 6:7). ആളുകളെ പ്രീതിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർക്ക് ഒരിക്കലും പൂർണതയിലേക്ക് വളരാനോ അതിനായി അധ്വാനിക്കാനോ കഴിയില്ല. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നവർക്ക് ഏതൊരു മേഖലയിലും ഉത്കൃഷ്ടമായ നിലയിലേക്ക് ഉയരാൻ കഴിയും. പുതിയ വർഷത്തിൽ ജീവിതം ഉത്കൃഷ്ടമായിത്തീരാൻ വേണ്ടി വേറൊന്നും ചെയ്യേണ്ടതില്ല- 'ദൈവം എല്ലാം കാണുന്നുണ്ട്' എന്ന ബോധ്യത്തിൽ ജീവിക്കാനാരംഭിച്ചാൽ മതി. മാറ്റങ്ങൾ താനേ വരും. അധ്വാനം ആത്മാർത്ഥതയുള്ളതായിത്തീരും. സ്‌നേഹം പരമാർത്ഥതയുള്ളതാകും. അതിനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവായ യേശുവേ, പുതിയ വർഷത്തിൽ എന്റെ വിശ്വാസത്തെ ഉണർത്തുകയും ബലപ്പെടുത്തുകയും ചെയ്യണമേയെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും അങ്ങയുടെ സന്നിധിയിലാണെന്ന ബോധത്തിൽ ഞങ്ങളെ വളർത്തണമേ. മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുള്ള പാഴ്ശ്രമങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ച് അങ്ങയെ പ്രസാദിപ്പിക്കുവാനുള്ള ആഗ്രഹത്തിലേക്ക് നയിക്കണമേ. അങ്ങ് എല്ലാം കാണുന്നു, എല്ലാം അറിയുന്നു എന്ന സത്യം ഞങ്ങളെ പരമാർത്ഥതയോടെ വ്യാപരിക്കാൻ ശക്തിപ്പെടുത്തട്ടെ - ആമ്മേൻ.

Courtesy- SHALOM ONLINE

0 comments:

Post a Comment