• TOP 100 HQ PICS OF POPE FRANCIS

  • Chavarul-Sayings of Saint Chavara to the Children

  • HOLY WEEK SONGS AND PRAYERS

  • CATHOLIC BOOKS PDF COLLECTION

  • SHALOM WORLD is a vibrant Catholic family channel in English.

  • 250 HIGH RESOLUTION PICS OF MOTHER MARY

  • PRAISE THE LORD

  • 160 MOST POPULAR MALAYALAM CHRISTIAN DEVOTIONAL SONGS LYRICS

  • The Chaplet of The Divine Mercy

    The Chaplet of Mercy is recited using ordinary rosary beads of five decades. The Chaplet is preceded by two opening prayers from the Diary of Saint Faustina and followed by a closing prayer.

  • MALAYALAM CHRISTIAN KARAOKE MP3 AND MIDI

Showing posts with label വിശുദ്ധ കുര്‍ബാനയും വീഞ്ഞ്‌ വിവാദവും. Show all posts
Showing posts with label വിശുദ്ധ കുര്‍ബാനയും വീഞ്ഞ്‌ വിവാദവും. Show all posts

Saturday, August 30, 2014

വിശുദ്ധ കുര്‍ബാനയും വീഞ്ഞ്‌ വിവാദവും


വിശുദ്ധ കുര്‍ബാനയും വീഞ്ഞ്‌ വിവാദവും


ഫാ വര്‍ഗീസ്‌ വള്ളിക്കാട്ട്‌

ക്രസ്‌തവര്‍ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിനെ സംബന്ധിച്ച്‌ അനാവശ്യവിവാദങ്ങള്‍ ഉണ്‌ടാകാന്‍ ഇടയായ സാഹചര്യത്തില്‍ കത്തോലിക്കാസഭയുടെ ആരാധനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിനെ സംബന്ധിച്ച വസ്‌തുതകള്‍ വിശദീകരിക്കേണ്‌ടത്‌ ആവശ്യമായി വന്നിരിക്കുന്നു. സാക്രമെന്റല്‍ വൈന്‍ അഥവാ കുര്‍ബാന വീഞ്ഞ്‌ മദ്യമല്ല മദ്യത്തിന്റെ നിയമപരമായ നിര്‍വചനത്തിലോ പരിധിയിലോ വരുന്നതുമല്ല. ക്രസ്‌തവസഭകളുടെ വിശ്വാസം, ആരാധനാ പാരമ്പര്യം എന്നിവയുടെ വെളിച്ചത്തില്‍ വേണം കുര്‍ബാന വീഞ്ഞിന്റെ അര്‍ഥവും പ്രസക്തിയും മനസിലാക്കാന്‍.
യഹൂദരുടെ പെസഹാ ആചരണത്തിന്റെയും പാപപരിഹാരബലിയുടെയും പശ്ചാത്തലത്തിലാണു യേശുവിന്റെ കുരിശിലെ ആത്മബലിയെ പുതിയ നിയമം വ്യാഖ്യാനിക്കുന്നത്‌. പെസഹാ കുഞ്ഞാടിന്റെ മൃഗബലിയല്ല, ദൈവപുത്രന്റെ ആത്മബലിയാണു പാപമോചനത്തിന്റെയും രക്ഷയുടെയും മാര്‍ഗമായി പുതിയനിയമം ചൂണ്‌ടിക്കാട്ടുന്നത്‌ അവന്റെ രക്തമാണു മനുഷ്യവംശത്തിന്റെ പാപക്കറകള്‍ കഴുകി വെടിപ്പാക്കിയത്‌. ഈ ആത്മബലിയുടെ മുന്നാവിഷ്‌കാരം എന്ന നിലയിലാണു യേശു ശിഷ്യരോടൊപ്പം അന്ത്യഅത്താഴം ആചരിച്ചത്‌.
അത്താഴവേളയില്‍ അപ്പവും വീഞ്ഞും താന്‍ ബലിയായി അര്‍പ്പിക്കാനിരിക്കുന്ന മാംസരക്തങ്ങളുടെ പ്രതീകവും തുടര്‍ന്നുള്ള അവിടത്തെ തിരുസാന്നിധ്യത്തിന്റെ സാര്‍വത്രിക അടയാളവുമായി അവര്‍ക്കു നല്‌കി. കാലാന്ത്യത്തില്‍ വീണ്‌ടും അവിടത്തെ കണ്‌ടുമുട്ടുവോളം അവിടുത്തെ ബലിയുടെ ഓര്‍മ്മയ്‌ക്കായി ഇത്‌ ആചരിക്കണമെന്ന കല്‌പനയും നല്‌കി. ക്രിസ്‌തുവിന്റെ രക്തത്തിലുള്ള ഈ പുതിയ ഉടമ്പടിയുടെ നവീകരണവും പുനരാവിഷ്‌കാരവുമാണ്‌ ഓരോ വിശുദ്ധ കുര്‍ബാനയും. അതിനാല്‍ അപ്പവും വീഞ്ഞും ക്രസ്‌തവ ആരാധനയുടെ അവിഭാജ്യഘടകങ്ങളാണ്‌.
കത്തോലിക്കാസഭയുടെ ഈ വിശ്വാസത്തില്‍നിന്നു വ്യത്യസ്‌തമായ വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്ന ക്രസ്‌തവസഭകളുണ്‌ട്‌. അവര്‍ കുര്‍ബാനയിലുള്ള ക്രിസ്‌തുസാന്നിധ്യത്തെ സംബന്ധിച്ചും വിശുദ്ധ കുര്‍ബാനയുടെ ആചാരപരമായ അനുഷ്‌ഠാനങ്ങളെ സംബന്ധിച്ചും വ്യത്യസ്‌ത സമീപനങ്ങള്‍ പുലര്‍ത്തുന്നവരാണ്‌. പെന്തക്കോസ്‌ത്‌, ബാപ്‌റ്റിസ്റ്റ്‌, മെതോഡിസ്റ്റ്‌, സാല്‍വേഷന്‍ ആര്‍മി, ചില ഇവാഞ്ചലിക്കല്‍ സഭകള്‍ എന്നിവയ്‌ക്കു കുര്‍ബാനയെ സംബന്ധിച്ചും അതില്‍ ഉപയോഗിക്കുന്ന അപ്പത്തെയും വീഞ്ഞിനെയും സംബന്ധിച്ചും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്‌ട്‌. വീഞ്ഞിനു പകരം മുന്തിരി ജ്യൂസോ മറ്റെന്തെങ്കിലും പാനീയങ്ങളോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന്‌ ഈ പാരമ്പര്യത്തില്‍പ്പെട്ട ചില സഭകള്‍ കരുതുന്നു. അതിന്‌ അവര്‍ക്കു സ്വാതന്ത്യ്രവുമുണ്‌ട്‌.
കേരളസഭയില്‍ യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനം വരെയും ഓരോ ഇടവകപ്പള്ളിയിലും വിശുദ്ധ കുര്‍ബാനയ്‌ക്കുള്ള വീഞ്ഞുണ്‌ടാക്കിയിരുന്നു. ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്ന ഉണക്ക മുന്തിരിങ്ങ വെള്ളത്തിലിട്ടു കുതിര്‍ത്തു പിഴിഞ്ഞെടുത്ത ചാറാണ്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. എഡി 1502ല്‍ വെനീസില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ഇന്ത്യക്കാരന്‍ ജോസഫിന്റെ വിവരണം”((Narrative of Joseph the Indian) എന്ന ഇരുപത്തഞ്ചിലേറെ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകത്തില്‍ ഇതുസംബന്ധിച്ച വിവരണം കാണാം. കേരളസഭയില്‍ ഇന്നത്തെ രീതിയിലുള്ള സാക്രമെന്റല്‍ വൈന്‍ (കുര്‍ബാനവീഞ്ഞ്‌) ഉപയോഗിച്ചു തുടങ്ങിയത്‌ ഉദയംപേരൂര്‍ സൂനഹദോസിനു (1599) ശേഷമാണ്‌. ഇതിനാവശ്യമായ വീഞ്ഞ്‌ പോര്‍ച്ചുഗലില്‍ നിന്നു കൊണ്‌ടുവരുന്ന പതിവാണ്‌ അന്നുണ്‌ടായിരുന്നത്‌. കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കേണ്‌ട വീഞ്ഞിനെപ്പറ്റി കാനന്‍ നിയമം വ്യക്തമായ നിര്‍ദേശം നല്‌കുന്നുണ്‌ട്‌. 1983ലെ പാശ്ചാത്യ പൗരസ്‌ത്യസഭകളുടെ കാനന്‍ നിയമസംഹിതകളില്‍ (CIC No. 924, CCEO No. 706) മുന്തിരിയില്‍ നിന്നു തയാറാക്കിയ ശുദ്ധമായ വീഞ്ഞാണു വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കേണ്‌ടത്‌ എന്നു വ്യക്തമാക്കിയിരിക്കുന്നു.
1938ല്‍ കൊച്ചി ദിവാന്‍ പുറപ്പെടുവിച്ച കൊച്ചിന്‍ മാസ്‌ വൈന്‍ റൂള്‍സ്‌ എന്ന പ്രത്യേക നിയമപ്രകാരമാണു കേരളത്തില്‍ കത്തോലിക്കാസഭയിലെ വിശുദ്ധ കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്‌ടാക്കുന്നത്‌. ഇത്‌ 1969ലെ കേരള ഗസറ്റിലെ വിജ്ഞാപനം വഴി നിയമപരമായി സാധൂകരിക്കപ്പെട്ടിട്ടുണ്‌ട്‌. അബ്‌കാരി ആക്‌ടിലും 1970-ലെ കേരള വൈനറി ചട്ടങ്ങളിലും നിര്‍വചിക്കപ്പെടുന്ന വൈന്‍ കുര്‍ബാന വീഞ്ഞില്‍ നിന്നു തികച്ചും വ്യത്യസ്‌തമാണ്‌. അതിനാല്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും കുര്‍ബാനവീഞ്ഞ്‌ നിയമവിരുദ്ധമാകുന്നില്ല. കൊച്ചിന്‍ മാസ്‌ വൈന്‍ റൂള്‍സ്‌ എന്ന പേരില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്ന നിയമത്തില്‍ കുര്‍ബാന വീഞ്ഞിന്റെ നിര്‍മാണം, സ്റ്റോക്കുചെയ്യല്‍, വിതരണം ഇവ സംബന്ധിച്ചും സൂക്ഷിക്കേണ്‌ട രജിസ്റ്ററുകള്‍, ഫയല്‍ ചെയ്യേണ്‌ട റിട്ടേണ്‍സ്‌ എന്നിവയെ സംബന്ധിച്ചും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‌കിയിരിക്കുന്നു. ഇവയെല്ലാം കൃത്യമായി പാലിച്ചുകൊണ്‌ടാണു സഭയില്‍ പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്‌ടാക്കുന്നത്‌. കുര്‍ബാനയ്‌ക്കുപയോഗിക്കുന്ന വീഞ്ഞ്‌ സാധാരണ മദ്യത്തിന്റെ ഇനത്തില്‍പെടുത്താതെ ഒരു പ്രത്യേക പാനീയമായി പരിഗണിക്കുന്നതുകൊണ്‌ടാണ്‌ കുര്‍ബാന വീഞ്ഞിനെ സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രത്യേക നിയമങ്ങള്‍ നിര്‍മിച്ചത്‌. ഈ നിയമപ്രകാരമുള്ള ലൈസന്‍സാണു വിവിധ രൂപതകള്‍ക്കും സന്യാസസഭകള്‍ക്കും നല്‌കപ്പെട്ടത്‌. ഇതിന്റെ ഉപയോഗം സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പരാതിയോ ഏതെങ്കിലും കോടതിയില്‍ കേസോ ഇതുവരെ ഉണ്‌ടായതായും അറിവില്ല.
ബാര്‍ പൂട്ടിയാല്‍ പള്ളിയും പൂട്ടണം എന്ന ന്യായവാദമുന്നയിക്കുന്നവരോടു പറയട്ടെ "വിശുദ്ധ കുര്‍ബാന വൈന്‍ ഒരു ആല്‍ക്കഹോളിക്ക്‌ ലിക്കര്‍ (മദ്യം). അല്ല അതുസാധാരണ വീഞ്ഞുമല്ല. അതു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മാത്രം ഉപയോഗിക്കുന്നതിനുള്ള പ്രത്യേക പാനീയമാണ്‌. ഒരൗണ്‍സ്‌ കുര്‍ബാനവീഞ്ഞില്‍ നിന്നു നൂറുകണക്കിഌ വിശ്വാസികളാണു വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്‌. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പൊതുസമൂഹത്തിന്റെ നന്മയ്‌ക്കല്ലാതെ യാതൊരുവിധ തിന്മയ്‌ക്കും ഇതു കാരണമാകുന്നുമില്ല. വിശ്വാസപരമായും ചരിത്രപരമായും ചെയ്‌തുവരുന്ന കാര്യം ഒരു വിവാദമാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കിയതില്‍ കത്തോലിക്കാസഭയ്‌ക്കു പ്രതിഷേധമുണ്‌ട്‌.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യവും ദുരുദ്ദേശ്യപരവുമാണ്‌. ഇതു സ്വന്തം കാര്യം നേടാനായി എന്തു മുട്ടായുക്തിയും ഉപയോഗിക്കാന്‍ മടിക്കാത്തവരുടെ കുടിലതയില്‍ നിന്നുണ്‌ടായിട്ടുള്ളതുമാണ്‌. പുതിയ മദ്യനയം സംബന്ധിച്ചു പരാതിയുള്ളവര്‍ അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്‌ടുവരികയാണു വേണ്‌ടത്‌. ഏതെങ്കിലും സമുദായത്തിന്റെ വിശ്വാസത്തെയോ ആചാരങ്ങളെയോ മറയാക്കി വളഞ്ഞവഴിയിലൂടെ കാര്യം നടത്താന്‍ ശ്രമിക്കേണ്‌ടതില്ല. എന്നാല്‍, മദ്യവ്യവസായികളുടെയും തൊഴിലാളികളുടെയും ന്യായമായ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കനും പരിഹാരമുണ്‌ടാക്കാനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നു സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയുമരുത്‌

കടപ്പാട്: ദീപിക ഓണ്‍ലൈന്‍