Monday, July 14, 2014

ഇറ്റലിയിലെ റിയാലിറ്റി ഷോയില്‍ സിസ്റ്റര്‍ ക്രിസ്റ്റീനക്ക് ഒന്നാംസ്ഥാനം


ഇറ്റലിയിലെ റിയാലിറ്റി ഷോയില്‍ സിസ്റ്റര്‍ ക്രിസ്റ്റീനക്ക്  ഒന്നാംസ്ഥാനം





സിസ്റ്റര്‍ ക്രിസ്റ്റീന... ഇറ്റാലിയന്‍ റിയാലിറ്റി ഷോയിലൂടെ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച വാനമ്പാടി. ആദ്യ റൗണ്ടുകളില്‍ തന്നെ തരംഗമായി മാറിയ സിസ്റ്റര്‍ ഇപ്പോള്‍ റിയാലിറ്റി ഷോയില്‍ ജേതാവായിരിക്കുക യാണ്. ഇറ്റാലിയന്‍ ടെലിവിഷന്‍ റിയാലിറ്റി ഷേയായ "ദി വോയ്‌സി'ലാണ് സിസ്റ്റര്‍ ക്രിസ്റ്റീന സഷിയ എന്ന ഊര്‍സ്വലന്‍ കന്യാസ്ത്രീ "സ്റ്റാര്‍ സിംഗറാ'യത്. 
സഭാ വസ്ത്രവും കഴുത്തില്‍ ക്രൂശിത രൂപവും ധരിച്ചു പ്രാര്‍ഥനയോടെ നിന്ന സിസ്റ്റര്‍ ഫലമറിഞ്ഞപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് ആദ്യം ചെയ്തത്. ക്രിസ്തുമതത്തെ സാധാരണക്കാരോട് അടുപ്പിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് സിസ്റ്റര്‍ വിജയത്തോടു പ്രതികരിച്ചത്. സമ്മാനം സ്വീകരിച്ചതിനു പിന്നാലെ സ്‌റ്റേജില്‍ പ്രാര്‍ത്ഥന ചെല്ലുകയും ചെയ്തു. സിസ്റ്റര്‍ പാടിയ അലിസിയ കീസിന്റെ നോ വണ്‍ എന്ന ഗാനത്തിന് യൂട്യൂബില്‍ അമ്പത് ദശലക്ഷത്തിലേറെ ഹിറ്റുകളാണ് ലഭിച്ചത്.

തന്റെ പാട്ടുകള്‍ ദൈവത്തിന്റെ സൗന്ദര്യം തുറന്നു കാട്ടുന്നു എന്നാണ് 25 വയസുകാരിയായ സിസ്റ്റര്‍ വിശ്വസിക്കുന്നത്. താന്‍ ഇവിടെ നില്‍ക്കുന്നതിന് കാരണം താനല്ല, മുകളിലിരിക്കുന്നവന്റെ കൃപയാണത് എന്നാണ് ആരാധകരോട് സിസ്റ്റര്‍ പറഞ്ഞത്. സംഗീതത്തെ ഒരു തൊഴിലായി കാണുന്നില്ല. മിലാനിലെ ചാപ്പലില്‍ തിരിച്ചെത്തി കുട്ടികളോടൊപ്പം പാടുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഷോയുടെ ഒഡിഷനില്‍ തന്നെ സിസ്റ്റര്‍ ക്രിസ്റ്റിന വിധികര്‍ത്താക്കളുടെ മതിപ്പ് പിടിച്ചു പറ്റിയിരുന്നു. വളരെ പെട്ടന്നാണ് അവരുടെ പ്രശസ്തി ഇറ്റലിയിലും ലോകത്താകെയും പരന്നത്. 2009ലാണ് കന്യാസ്ത്രീയാകാന്‍ ചേര്‍ന്നത്. രണ്ട് വര്‍ഷം ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇറ്റലിയിലെ "സ്റ്റാര്‍ സിംഗറി'ല്‍ സിസ്റ്റര്‍ ക്രിസ്റ്റീന അക്ഷരാര്‍ഥത്തില്‍ "സൂപ്പര്‍ സ്റ്റാറാ'യിരുന്നു.

വെറുതേ പാട്ടുപാടിയല്ല, മറിച്ച് "പെര്‍ഫോം' ചെയ്താണ് സിസ്റ്റര്‍ ആരാധകരുടെ മനസു കീഴടക്കിയത്. കാണാമറയത്തുനിന്നുള്ള പാട്ടു കേട്ട് ആവേശം കൊണ്ട വിധികര്‍ത്താക്കള്‍ മത്സരാര്‍ഥി കണ്ട് അന്തം വിട്ടുപോയെ കാഴ്ചക്കാരുടെ സാക്ഷ്യം. ശബ്ദം കൊണ്ടുമാത്രം മത്സരാര്‍ഥിയുടെ പ്രകടനം വിലയിരുത്താന്‍ കഴിയുന്ന "ബ്ലൈന്‍ഡ്' ഓഡിഷന്‍ റൗണ്ടില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയാണ് സിസ്റ്റര്‍ ലോകമെമ്പാടും തരംഗമായി മാറിയത്. വിധികര്‍ത്താകളുടെ പിന്നില്‍ നിന്നാണ് മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രകടനം.
ആരാണ് പാടുന്നതെന്നതിനെക്കുറിച്ച് വിധികര്‍ത്താക്കള്‍ക്ക് യാതൊരു അറിവുമുണ്ടായിരിക്കില്ല. മത്സരാര്‍ഥികളെ കാണാനാകാത്ത വിധത്തില്‍ വിധികര്‍ത്താക്കളുടെ പിന്നില്‍ നിന്നായിരുന്നു ഗാനാലാപനം. പ്രകടനം ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്കു പിന്നില്‍ നിന്ന് പാടിയത് ഒരു കന്യാസ്ത്രീയാണെന്ന വിവരം വിധികര്‍ത്താക്കള്‍ മനസിലാക്കിയത്. കന്യാസ്ത്രീയാണ് ഇത്ര സുന്ദരമായ ശബ്ദത്തില്‍ പാടി വിജയിയായതെന്ന് അറിഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍പോലും അമ്പരന്നിരുന്നു.



0 comments:

Post a Comment