Saturday, June 28, 2014

ഒരു ഫുട്‌ബോൾ ബൈബിൾ


ഒരു ഫുട്‌ബോൾ ബൈബിൾജോസ് റോബർട്ട് ഡാ സിൽവ, അതാണ് മുഴുവൻ പേര്. ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്നത് സ്വീ റോബർട്ടോ... പന്തുകൊണ്ട് മാന്ത്രികനൃത്തം ചവിട്ടുന്നവനെന്ന് പത്രങ്ങൾ ഇവനെ വാഴ്ത്തി. ബ്രസീൽ സ്വദേശിയാണ്. പക്ഷേ, ജനിച്ചതും വളർന്നതുമെല്ലാം ചേരിയിലായിരുന്നു. അഞ്ചുമക്കളിൽ ഒരാൾ... ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറു നിറച്ച് കൊടുക്കുവാൻ പാടുപെടുന്ന അമ്മ. ചെറുപ്പത്തിലേ അപ്പൻ ഉപേക്ഷിച്ചുപോയി. ജീവിതത്തിന്റെ ആദ്യഭാഗം അതിജീവനത്തിനുള്ള ശ്രമങ്ങളായിരുന്നു. വയറുനിറച്ച് എന്തെങ്കിലും കഴിക്കുവാൻ കണ്ടെത്തുവാനുള്ള ശ്രമം...ചെരുപ്പിടാതെ പന്ത് തട്ടി കളിച്ചായിരുന്നു അവൻ വളർന്നത്.


''അപ്പൻ ഉപേക്ഷിച്ചു പോയതുമുതൽ വീട്ടിൽ പട്ടിണി പെരുകി. എനിക്കപ്പോൾ പത്തുവയസ്. ഞാൻ ചെറിയ രീതിയിൽ മോഷ്ടിക്കാൻ തുടങ്ങി. ഓറഞ്ച്, ബിസ്‌ക്കറ്റ്, എന്റെ ചെറിയ പാൻസിന്റെ പോക്കറ്റിൽ കൊള്ളുന്ന ഭക്ഷണസാധനങ്ങൾ... പക്ഷേ, ഒരിക്കൽ രണ്ടു കൂട്ടുകാർ പോലീസിന്റെ വെടിയേറ്റ് മരിച്ചു; അവർ ഒരു മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ പെട്ടിരുന്നു, ഇതെന്നെ വല്ലാതെ തളർത്തി... അമ്മയാണ് എന്നെ ഈ സമയങ്ങളിലെല്ലാം സഹായിച്ചതും ആശ്വസിപ്പിച്ചതും. എന്റെ ഈ ജീവിതസാഹചര്യത്തിൽ എന്തു ഭാവിയാണ് എനിക്കുള്ളതെന്ന് വ്യക്തമാക്കിത്തന്നതും. മയക്കുമരുന്നും ക്രിമിനൽ കാര്യങ്ങളും ഉപേക്ഷിക്കുക- എന്റെ ആദ്യ തീരുമാനം അതായിരുന്നു. നീണ്ടകാലത്തിനുശേഷം അന്ന് എന്റെ അമ്മ പള്ളിയിൽ നിന്നും വരുന്നത് ഞാൻ കണ്ടു. അമ്മയുടെ ആഗ്രഹമനുസരിച്ച് ഞാൻ പതുക്കെ ബൈബിൾ വായിക്കാൻ തുടങ്ങി. അതിൽ ഞാൻ കണ്ടു, ദൈവം അപ്പനാണെന്ന്... എനിക്കുവേണ്ടി എപ്പോഴും കൂടെയിരിക്കുന്ന അപ്പൻ മാത്രമല്ല, എന്റെ ജീവിതംകൊണ്ട് എന്തോ പദ്ധതിയുള്ളയാൾ. എനിക്കെല്ലാം തുറന്ന് പറയുവാൻ കഴിയുന്ന ഒരു സുഹൃത്തിനെപ്പോലെ എനിക്ക് തോന്നി... അമ്മയെയും വീടിനെയും കുറിച്ചുള്ള ആകുലതകൾ തുറന്ന് പറയുവാൻ ഒരാൾ... പ്രാർത്ഥിക്കുവാൻ കൃത്യമായ ഒരു രീതി ഇല്ലായിരുന്നു. മനസിൽ തേങ്ങിയതൊക്കെ അവനോട് പറഞ്ഞുതുടങ്ങിയപ്പോൾ ഹൃദയം ശാന്തമായി. വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നതാണ്. ഫിലിപ്പി. 4:13 എനിക്ക് ഒരു പ്രത്യേക കരുത്ത് തരാറുണ്ട്: ''എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം സാധിക്കും.'' ഈ അനുഭവം ജർമൻ എഴുത്തുകാരൻ ഡേവിഡ് കാഡെൽ പുതിയ പുസ്തകമായ 'ഫുട്‌ബോൾ ബൈബിൾ.' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. ഫുട്‌ബോൾ ലോകത്ത് അന്തർദേശീയതലത്തിൽ തിളങ്ങിനിൽക്കുന്ന താരരാജാക്കന്മാരുടെ വിശ്വാസസാക്ഷ്യങ്ങളുടെ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്തുകൊണ്ട് അവർ ദൈവത്തിൽ വിശ്വസിക്കുന്നു? എങ്ങനെയാണ് അവർ വിശ്വാസത്തെ ജീവിതം കൊണ്ട് അഹങ്കരിക്കുന്നത്? കളിക്കളത്തിലെ അവരുടെ ആത്മീയസാക്ഷ്യങ്ങൾ, ജീവിതത്തിൽ അവർ പുലർത്തുന്ന ക്രിസ്തുമാർഗങ്ങൾ... 554 പേജുകളുള്ള ഈ പുസ്തകം 'സ്വർഗത്തിനുവേണ്ടി ഗോളുകൾ പായിക്കുന്നവരുടെയും,' 'ദൈവത്തിന്റെ മതിലായവരുടെയും' ദൈവത്തിന്റെ ജേഴ്‌സിയണിഞ്ഞവരുടെയും ആത്മീയകാഴ്ചകളാണ്. 'ഫുട്‌ബോളിന്റെ ദൈവം' എന്ന ബെസ്റ്റ് സെല്ലറായിരുന്ന പുസ്തകത്തിന്റെ വസന്തം തീരും മുമ്പേയാണ് പുതിയ വിരുന്ന് എ ത്തിയത്. 'ദൈവമില്ലാത്ത ലോകം ബോളില്ലാത്ത ഫുട്‌ബോൾ' എന്നു പറയുന്നവരുണ്ട് ഈ പുസ്തകത്തിൽ. ''നിങ്ങളുടെ ജീവിതത്തിൽ വിജയങ്ങളിലും കൂടുതലായി എന്തോ ഒന്ന് വേണം. ഈ കൂടുതൽ എന്താണെന്ന് ചോദിച്ചാൽ അതാണ് ദൈവം എന്ന് പറയുന്നവരുണ്ട് ഇതിന്റെ താളുകളിൽ. യേശു ആരാണ് എന്ന ചോദ്യത്തിന് ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കുവാനും വേണ്ടി വന്നവൻ എന്നു ഫുട്‌ബോൾ മയമുള്ള പ്രതീകങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നവർ... അതുകൊണ്ടാണ് ഈ പടനായകന്മാർ തോൽക്കുമ്പോഴും പടക്കളത്തിൽ മുട്ടുകുത്തി ദൈവത്തിന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുന്നത.് ''ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ഞാൻ നൂറുശതമാനവും ഈശോയ്ക്കുള്ളതാണ്'' എന്നെഴുതിയ ജേഴ്‌സിഅണിഞ്ഞ് കരംകൂപ്പിയും ആർത്തുവിളിച്ചും നിൽക്കുന്ന ഈ പടകൂട്ടത്തോട് പത്രക്കാർ ചോദിച്ചു, എന്തുകൊണ്ട് നിങ്ങളിതു ചെയ്യുന്നു...? യേശുവും ഫുട്‌ബോളും തമ്മിലെന്തു ബന്ധം? ഉത്തരം ഒറ്റശ്വാസത്തിൽ. ''കാര്യം നിസാരം, ഫുട്‌ബോൾ വിജയത്തിന്റെയും തോൽവിയുടെയും കളി... യേശു എക്കാലത്തും വിജയിച്ചുനിൽക്കുന്നയാൾ. അവൻ കളിച്ചത് ബോളുകൊണ്ടല്ല, അവിടുത്തെ രക്തം കൊണ്ടാണ്...'' അവൻ പറയുന്നു, ജീവിതത്തിൽ തോറ്റവരോട്... സാരമില്ല ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന് (യോഹ. 16:33).


മഞ്ഞപ്പടയുടെ നക്ഷത്രത്തിളക്കമായ ലൂസിയോ പറയുന്നു; ''എല്ലാ ഫുട്‌ബോൾ ആരാധകരും ഓർക്കും, കളിക്കാർ ഭാഗ്യമുളളവരാണെന്ന്. കൈനിറയെ പണം, ഇഷ്ടമുള്ളതെന്തും വാങ്ങാം.

പക്ഷേ, ഈ ചിന്ത വലിയ മണ്ടത്തരമാണ്. കാരണം, പണത്തിനും ഈ വസ്തുക്കൾക്കുമൊന്നും മനുഷ്യനെ സന്തോഷിപ്പിക്കാനാവില്ല... ദൈവം കൂടെയുണ്ട് എന്ന അറിവും വികാരവുമാണ് ഒരാളെ സന്തോഷിപ്പിക്കുന്നത്. അവനെ തിരിച്ചറിഞ്ഞതിൽ പിന്നെയാണ് ഞാനിതു മനസിലാക്കിയത്.''


ജീവിതം ഇത്ര മനോഹരമായി അവതരിപ്പിക്കുവാൻ കഴിയുന്ന സ്‌പോർട്‌സ് അധികമൊന്നുമില്ല. 90 മിനിറ്റ്, ഒരു ആയുസിന്റെ നീളം; മഞ്ഞ കാർഡും ചുമപ്പ് കാർഡുമായി ഒരാളെപ്പോഴും കൂടെ... താങ്ങുവാനും മതിൽകെട്ടി സുരക്ഷിതത്വം തീർക്കുവാനും ആരവങ്ങൾ മുഴക്കി കൂടെനിൽക്കുവാനും ആയിരങ്ങൾ. ഒരു നാടിന്റെ നെഞ്ചിടിപ്പ് ആവാഹിച്ച് ഒരായിരംപേരുടെ സ്വപ്‌നങ്ങൾക്ക് ചിറക് കൊടുക്കുവാനും ഒറ്റ നിമിഷംകൊണ്ട് എല്ലാം അസ്തമിപ്പിക്കാനും മറ്റൊരു നിമിഷത്തിൽ അത്ഭുതങ്ങളുടെ സ്വർഗീയ നിമിഷങ്ങൾക്ക് വാതിൽ തുറക്കുവാനും കഴിയുന്ന ചില ചലനങ്ങൾ... കണ്ണുനീരുണ്ട്, ചിരിയുണ്ട്, നിരാശയുണ്ട്, വിജയത്തിന്റെ അട്ടഹാസങ്ങളുണ്ട് ഈ ലോകത്ത്...


ഗോൾപോസ്റ്റിന് കാവൽനിൽക്കുന്നയാളെക്കുറിച്ച് വായിച്ചതോർക്കുന്നു, ഒരു സ്റ്റേഡിയത്തിലെ പകുതിയിലധികം ആളുകൾ അയാൾക്ക് കരുത്ത് പകർന്നുകൊണ്ട് കൂടെ നിൽപ്പുണ്ടെങ്കിലും എതിരെവരുന്ന പെനാൽറ്റികിക്കുകൾ നേരിടുവാൻ അയാൾ തനിച്ചേയുള്ളൂ...'' ആരും ജീവിതത്തിൽ നേരിടുന്ന ചില നിമിഷങ്ങൾ... ഒരിക്കലും ഒരു നല്ലവാക്കുപോലും കേൾക്കുവാൻ വിധിയില്ലാതെ പോകുന്ന റഫറി, ആരുടെയൊക്കെയോ ജീവിതത്തെ ഓർമിപ്പിക്കുന്നു...
COURTESY: SUNDAY SHALOM

0 comments:

Post a Comment