Saturday, May 10, 2014

ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന 5 പാഠങ്ങള്‍-POPE FRANCIS FIVE LESSONS


ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന 5 പാഠങ്ങള്‍



പാപ്പായുടേത്‌ മുഴുവന്‍സമയ ജോലിയാണ്‌. കൃത്യം ഒരു വര്‍ഷം മുമ്പ്‌ വത്തിക്കാനില്‍ കോണ്‍ക്ലേവിന്‌ മുകളില്‍ വെളുത്ത പുക ഉയര്‍ന്നപ്പോള്‍ ഹോര്‍ഹെ ബെര്‍ഗോളിയോ എന്ന പേര്‌ കേട്ട്‌ ലോകം ദീര്‍ഘനിശ്വാസം വിട്ടു. ഫ്രാന്‍സീസ്‌ എന്ന പേരു കേട്ടപ്പോള്‍ പതിനായിരങ്ങളുടെ ആഹ്ലാദം അണപൊട്ടി. തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ്‌ ശിരസ്സു കുനിച്ചപ്പോള്‍ ലക്ഷോപലക്ഷം മുഖങ്ങളില്‍ പുഞ്ചിരി പടര്‍ന്നു. വൈകാതെ നാമറിഞ്ഞു, ഈ മനുഷ്യന്‍ തന്നില്‍ നിക്ഷിപ്‌തമായ സുവിശേഷവല്‌ക്കരണം എന്ന കര്‍ത്തവ്യത്തില്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധനാണെന്ന്‌!
ഇരുന്നൂറു കോടിയോളം വരുന്ന നമ്മള്‍ വിശ്വാസികള്‍ ആരും മാര്‍പാപ്പയല്ലായിരിക്കാം. പക്ഷേ, ആ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്കു ഒഴിഞ്ഞു മാറാനാവില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാപ്പാ മുന്നറിയിപ്പു തരുന്നു, ആര്‍ക്കും ‘ചിലനേരം ക്രിസ്‌ത്യാനി’കളായിരിക്കാന്‍ സാധ്യമല്ലെന്ന്‌. അങ്ങനെയും ഇങ്ങനെയും ക്രിസ്‌ത്യാനികളായിരിക്കാന്‍ ആവില്ല. ക്രിസ്‌ത്യാനികളെന്നാല്‍ മുഴുവന്‍സമയ ക്രിസ്‌ത്യാനികളാകണം. സമ്പൂര്‍ണമായി.
ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌ എങ്ങനെ?
എല്ലാ നേരവും വിശ്വാസം ജീവിക്കാനാണ്‌ നമ്മുടെ വിളി. ഇക്കാര്യത്തില്‍ തെറ്റു പറ്റേണ്ട. വിശ്വാസം ജീവിക്കുകയെന്നാല്‍ ജോലി തന്നെയാണ്‌. (സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പാപ്പാ 100 തവണ ഇത്‌ ആവര്‍ത്തിക്കുന്നുണ്ട്‌).
എന്നാല്‍ തങ്ങളുടെ ഭൂരിഭാഗം ജോലിസമയവും മറ്റു തൊഴിലിനായി മാറ്റിവയ്‌ക്കുന്നവര്‍ക്ക്‌ ഇത്‌ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നാം. പ്രത്യേകിച്ച്‌ ഒരു സ്ഥാപനത്തില്‍ നായകസ്ഥാനം വഹിക്കുന്നവര്‍ക്ക്‌.
എങ്ങനെയാണ്‌ ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌? വ്യവസായപ്രമുഖര്‍ക്ക്‌ ഒരേ സമയം വിശ്വാസവും ജോലിയും ചേര്‍ത്തു കൊണ്ടു പോകാന്‍ കഴിയും എന്നതിന്റെ ഏറ്റവും നല്ല മാതൃക ഫ്രാന്‍സീസ്‌ പാപ്പാ തന്നെയല്ലേ? തീര്‍ച്ചയായും അത്‌ അദ്ദേഹത്തിന്റെ ജോലിയാണ്‌. എന്നാല്‍ അത്‌ നിങ്ങളുടെയും കൂടി ഉത്തരവാദിത്വമാണെന്നു കൂടി ഓര്‍മിക്കുക.
വിശ്വാസത്തെ ജോലിയോടു ചേര്‍ത്തു വയ്‌ക്കാന്‍ ഫ്രാന്‍സീസ്‌ പാപ്പായില്‍ നിന്നു ഇതാ അഞ്ച്‌ ലഘുപാഠങ്ങള്‍:

1. വ്യക്തിത്വ ബിംബത്തിനു പുറത്തു കടക്കുക

ലോകത്തിലെ ഏറ്റവും സമുന്നതരായ പല വ്യവസായ പ്രമുഖരും സ്വന്തം വ്യക്തിത്വത്തെ വിഗ്രഹവല്‍ക്കരിച്ചവരോ ആരാധനാ പാത്രങ്ങളായി തീര്‍ന്നവരോ ആണ്‌. സ്‌റ്റീവ്‌ ജോബ്‌സ്‌, ജെഫ്‌ ബെസോസ്‌, ജാക്ക്‌ വെല്‍ഷ്‌ തുടങ്ങിയവര്‍ ഉദാഹരണം. ഇത്തരത്തില്‍ ഒരു വ്യക്തിത്വ വിഗ്രഹമായി ഫ്രാന്‍സീസ്‌ പാപ്പായെ കാണാനും സാധ്യതയുണ്ട്‌. വ്യക്തിപ്രഭാവവും ഉജ്ജ്വല നേതൃത്വപാടവും കൊണ്ട്‌ കത്തോലിക്കാ സഭയെ വീണ്ടും ലോകത്തിനു മുമ്പില്‍ പ്രകാശധോരണിയോടെ നിര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌.
എന്നാല്‍ വ്യക്തിപ്രഭാവം വഴിയുള്ള നേതൃത്വത്തിന്റെ പരിമിതികള്‍ ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ നന്നായി അറിയാം. തന്റെ പേപ്പസിയെക്കുറിച്ചുള്ള മിഥ്യാധാരണ പൊളിച്ചെഴുതാന്‍ അടുത്ത കാലത്തു നടന്ന മുഖാമുഖത്തില്‍ പാപ്പാ ബോധപൂര്‍വമായ ശ്രമം നടത്തി. പാപ്പാ ചിരിക്കുകയും കരയുകയും ശാന്തമായി ഉറങ്ങുകയും മറ്റെല്ലാവരെയും പോലെ സുഹൃത്തുക്കളോട്‌ ബന്ധപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്‌. ഒരു ദാര്‍ശനികനു ജനത്തെ തന്റെ അജഗണത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനാകും. എന്നാല്‍ അവരെ അവിടെത്തന്നെ നിലനിര്‍ത്തുന്നതാണ്‌ ദര്‍ശനം.

2. സേവനം ചെയ്‌തു കൊണ്ടു നയിക്കുക

നല്ല നേതൃത്വത്തെക്കുറിച്ച്‌ ഫ്രാന്‍സീസ്‌ പാപ്പായുടെ വീക്ഷണം ശ്രവിക്കുക, ‘നല്ല നേതാവ്‌ സംസാരിക്കുന്നത്‌ നാവു കൊണ്ടുമാത്രമല്ല, മറിച്ച്‌ മുഴുവന്‍ ജീവിതം കൊണ്ടാണ്‌. സ്ഥിരതയാര്‍ന്ന ജീവിതം നയിച്ചു കൊണ്ടും വേണമത്‌. നമ്മുടെ ജീവിതത്തിന്റെ ദൃഢത തന്നെയാണ്‌ നമ്മുടെ സന്ദേശം.’
ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്‌. പാപ്പായുടെ അനന്യമായ അജപാലന പ്രഭാഷണശൈലി നമ്മുടെ സൗണ്ട്‌ ബിറ്റ്‌ കാലഘട്ടത്തിന്‌ വളരെ ഏറെ യോജിച്ചതാണ്‌. (ഫ്രാന്‍സീസ്‌ പാപ്പായുടെ മികച്ച സംഭാഷണ ശകലങ്ങള്‍ കോര്‍ത്തിണക്കി വത്തിക്കാന്‍ ഒരു ഇ-ബുക്ക്‌ ഇറക്കുന്നുണ്ട്‌).
അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌, ദാസതുല്യമായ നേതൃത്വം കൊണ്ടു സ്വപ്‌നതുല്യമായ മാതൃക നല്‍കുന്ന ഫ്രാന്‍സീസ്‌ പാപ്പയുടെ രീതി. സ്‌ത്രീ തടവുകാരുടെ പാദം കഴുകുന്നതു മുതല്‍ വൈകല്യം ബാധിച്ചവരെയും അംഗവിഹീനരെയും അധഃസ്ഥിതരെയും ആലിംഗനം ചെയ്യുന്നതു വരെയും നീളുന്ന കാരുണ്യത്തിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ ലോകമെമ്പാടുമുള്ള മാനവഹൃദയങ്ങളെ ആര്‍ദ്രമാക്കിയെന്നോര്‍ക്കണം.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒന്നു വ്യക്തമാണ്‌. മറ്റുള്ളവരെ സഹായിക്കാനുള്ള, കര്‍ത്താവ്‌ സ്‌നേഹിച്ചതു പോലെ അവരെ സ്‌നേഹിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തില്‍ നിന്നാണ്‌ പാപ്പാ ഇതെല്ലാം ചെയ്യുന്നത്‌്‌. നിങ്ങള്‍ മുതലാളിയോ തൊഴിലാളിയോ ആകട്ടെ, നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക്‌ നിങ്ങളുടേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുക.

3. ക്ഷമിക്കുക

‘നിങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതു പോലെ നിങ്ങളും ക്ഷമിക്കുക.’ പാപ്പാ സദാ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല്ലവിയാണിത്‌. ‘കാരുണ്യത്തിന്റെ പാപ്പാ’ എന്നു അപരനാമം പോലും ഫ്രാന്‍സീസിന്‌ ലഭിച്ചതിന്‌ ഇതു കാരണമായി.
അപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശത്തിനു കാതു കൊടുക്കാന്‍ ക്ഷമയ്‌ക്കു സ്ഥാനമില്ലാത്ത ജോലിസ്ഥലം പോലെ ഒരിടമുണ്ടോ?
യന്ത്രതുല്യമായ കൃത്യത ആവശ്യപ്പെടുന്ന ഈ ലോകത്തില്‍, തെറ്റുകള്‍ ക്ഷമിക്കപ്പെടുകയും തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സംജാതമാകുന്ന അവസ്ഥ ചെറിയ കാര്യമാകാം. എന്നാല്‍, അത്‌ കമ്പനിയുടെയും തൊഴിലാളികളുടെയും അന്തസ്സ്‌ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കും.
പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു, ‘നടക്കുക എന്ന കലയില്‍ വീഴ്‌ചയല്ല പ്രശ്‌നം, വീണിടത്തു തന്നെ കിടക്കുന്നതാണ്‌.’ ഉടന്‍ എഴുന്നേല്‍ക്കുക. വീണ്ടു യാത്രയാവുക.

4. ജ്ഞാനം അന്വേഷിക്കുക

ബെനഡിക്ട്‌ പതിനാറാമന്‍ പാപ്പാ തന്റെ രാജി കൊണ്ടു ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ ചിലര്‍ അടക്കം പറഞ്ഞു, പഴയ പാപ്പായുടെ സാന്നിധ്യം സമീപത്തു തന്നെ അനുഭവപ്പെടുന്ന ദൗര്‍ഭാഗ്യം പുതിയ പാപ്പായ്‌ക്ക്‌ ഉണ്ടാകുമെന്നും തന്റെ അധികാരം നിയന്ത്രിക്കപ്പടുന്ന അനുഭവം നേരിടേണ്ടി വരുമെന്നും.
എന്നാല്‍ ഫ്രാന്‍സീസ്‌ പാപ്പാ ഇതൊരു പ്രശ്‌നമായി കണ്ടില്ല. മറിച്ച്‌, തല്‍സ്ഥാനത്തിരുന്നതിന്റെ അനുഭവസമ്പത്തില്‍ നിന്നും പഠിക്കാനാണ്‌ അദ്ദേഹം ഈ അവസരം ഉപയോഗിച്ചത്‌. ‘അദ്ദേഹത്തിന്റെ ജ്ഞാനം ദൈവദാനമാണ്‌. അദ്ദേഹം വത്തിക്കാനില്‍ ദൂരെയെവിടെയോ ഉള്ള ഏതോ ബെനഡിക്‌ടെന്‍ മഠത്തിലേക്കു പിന്‍വാങ്ങുമെന്ന്‌ ചിലര്‍ ആഗ്രഹിച്ചിരിക്കും. എന്നാല്‍ ഞാന്‍ ചിന്തിച്ചത്‌ കാരണവന്‍മാരുടെ ജ്ഞാനത്തെക്കുറിച്ചാണ്‌. അവരുടെ ഉപദേശങ്ങള്‍ കുടുംബത്തിന്‌ കരുത്തു പകരുന്നു…’
തൊഴിലിടങ്ങളില്‍, സുധീരമായ നേതൃത്വത്തിന്‌ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നത്‌ തീര്‍ച്ചയാണ്‌. അതേ സമയം, മുന്നേ പോയി മടങ്ങിയവരില്‍ നിന്നുള്ള പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ അവസരങ്ങളുണ്ട്‌.
നമ്മില്‍ ചിലര്‍ക്കെങ്കിലും ഫ്രാന്‍സീസ്‌്‌ പാപ്പയുടേതു പോലുള്ള അനുഭവം ഉണ്ടായേക്കാം. നമ്മുടെ ബോസ്‌ ഇനിയും മരിക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യമാകാത്ത ആ പ്രൊമോഷന്‍. അവസരം ലഭിക്കമെങ്കില്‍ ആ വ്യക്തയുടെ പക്കല്‍ പോയി അദ്ദേഹത്തില്‍ നിന്നും ജ്ഞാനം സ്വീകരിക്കുക. നിങ്ങള്‍ വ്യത്യസ്ഥമായ ഒരു ദിശയിലേക്കാണ്‌ കമ്പനിയെ നയിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലും ആ തൊഴിലിന്റെ ജീവിക്കുന്ന പാരമ്പര്യവുമായി ബന്ധം നിലനിര്‍ത്തുന്നത്‌ മനുഷ്യത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.

5. ‘അത്‌’ എന്തു തന്നെ ആയാലും

ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന ഈ മാതൃകകള്‍ ഉപയോഗപ്രദമാണെങ്കിലും ബിസിനസ്‌ നേതൃത്വവും ഫ്രാന്‍സീസ്‌ പാപ്പായും തമ്മിലുള്ള സമാനത ഇവിടെ തീരുന്നു. എല്ലാറ്റിനുമുപരി, ഫ്രാന്‍സീസ്‌ പാപ്പാ അറിയുന്നു, ‘സഭയുടെ ശക്തി സഭയിലോ സഭയുടെ സ്ഥാപനങ്ങളുടെ ശേഷിയിലോ അല്ല, മറിച്ച്‌ ദൈവത്തിന്റെ ആഴക്കടലില്‍ മറഞ്ഞിരിക്കുന്നുവെന്ന്‌’. ‘അതി’നെ വേണമെങ്കില്‍ കൃപ എന്നു വിളിക്കാം. അല്ലങ്കില്‍ ഇഷ്ടമുള്ളതെന്തും വിളിച്ചോളൂ. എന്തു തന്നെ ആയാലും ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ അതുണ്ട്‌.
അത്‌ മൂലം ലോകം ഇന്ന്‌ കുറേക്കൂടി നല്ലൊരിടമായി തീര്‍ന്നിരിക്കുന്നു. അദ്ദേഹം നല്‍കുന്ന ചില പാഠങ്ങള്‍ നമുക്കു സ്വീകരിക്കാവുന്നതാണ്‌. ബിസിനസ്‌ ലോകത്തിനും സ്വീകരിക്കാം. ഇനി, ജോലിയിലേക്കു മടങ്ങാം
.



0 comments:

Post a Comment