പുത്തന്‍പാന: പന്ത്രണ്ടാം പാദം
ദൈവമാതാവിന്റെ വ്യാകുല പ്രലാപം
അമ്മ കന്യാമണിതന്റെ നിര്‍മ്മലദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷര്‍ക്ക്
ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ,
എന്മനോവാക്കിന്‍വശമ്പോല്‍ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കില്‍ പറയാമല്പം
സര്‍വ്വമാനുഷര്‍ക്കുവന്ന സര്‍വ്വദോഷത്തരത്തിനായ്
സര്‍വ്വനാഥന്‍ മിശിഹായും മരിച്ചശേഷം
സര്‍വനന്മക്കടലോന്റെ, സര്‍വ്വപങ്കപ്പാടുകണ്ട
സര്‍വ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കില്‍ക്കൊണ്ടപോലെ മനംവാടി
തന്‍ തിരുക്കാല്‍ കരങ്ങളും തളര്‍ന്നു പാരം
ചിന്തമെന്തു കണ്ണില്‍നിന്നു ചിന്തിവീഴും കണ്ണുനീരാല്‍
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സര്‍വ്വനാഥന്‍ തന്‍തിരുക്കല്പനയോര്‍ത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എന്‍ മകനേ! നിര്‍മ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോര്‍ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവന്‍ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവര്‍ഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ ചെയ്തിവയെങ്കില്‍
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
വാര്‍ത്തമുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര!
മാനുഷര്‍ക്ക് നിന്‍പിതാവു മനോഗുണം നല്‍കുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍
ചിന്തി ചോരവിയര്‍ത്തു നീ കുളിച്ചോ പുത്ര!
വിണ്ണിലോട്ടുനോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
ഇങ്ങനെ നീ മാനുഷര്‍ക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനപ്പതിനായ്
കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര!
ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!
എത്രനാളായ് നീയവനെ, വളര്‍ത്തുപാലിച്ച നീചന്‍
ശത്രുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്ര!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!
പിന്നെ ഹന്നാന്‍ തന്റെ മുന്‍പില്‍ വെച്ചു നിന്റെ കവിളിന്മേല്‍
മന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദചെയ്തു നിന്നെ നീചന്‍ വിധിച്ചോ പുത്ര!
സര്‍വരേയും വിധിക്കുന്ന സര്‍വ്വസൃഷ്ടി സ്ഥിതി നാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്യാന്‍ വൈരിവൃന്ദം
കാരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്രാ!
പിന്നെ ഹെറോദേസുപക്കല്‍, നിന്നെയവര്‍ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കല്‍ നിന്നെയവന്‍ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദര്‍ തന്റെ തലയിന്മേല്‍
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനാവൈരികള്‍ക്കു
എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നൂ പുത്ര!
നിന്‍ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പടിക്കുമ്പോല്‍
കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര!
ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തുചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
ഈ മഹാപാപികള്‍ചെയ്ത ഈ മഹാനിഷ്ഠൂരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
ഭൂമിമാനുഷര്‍ക്കുവന്ന ഭീമഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജരൂസലം നഗര്‍നീളെ നടത്തി പുത്ര!
വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളില്‍ നീയണിഞ്ഞോ പുത്ര!
ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര!
ആണിയിന്‍മേല്‍ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
ആണികോണ്ടു നിന്റെ ദേഹം തുളച്ചതിന്‍ കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിനാളവോ പുത്ര!
വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമിലയോ പുത്ര!
അരിയ കേസരികളെ നിങ്ങള്‍പോയ ഞായറിലെന്‍
തിരുമകന്‍ മുന്നില്‍വന്നാചരിച്ചു പുത്ര!
അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ, പുത്ര!
ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാല്‍
കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്രാ!
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കുംപോല്‍ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമെറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്റെ ചങ്കില്‍ ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-
യെന്റെ നെഞ്ചില്‍ കൊണ്ടു ചങ്കുപിളര്‍ന്നോ പുത്ര!
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താല്‍
മാനുഷര്‍ക്ക് മാനഹാനിയൊഴിച്ചോ പുത്ര!
സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമെന്തിതു പുത്ര!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്റെമനസ്സയ്യോ
തെല്ലുകൂടെയലിവില്ലാതെന്തിതു പുത്രാ!
സര്‍വ്വലോകനാഥനായ നിന്മരണം കണ്ടനേരം
സര്‍വദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം
സര്‍വ്വദുഃഖക്കടലിന്റെ നടുവില്‍ ഞാന്‍ വീണ്ടുതാണു
സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കില്‍
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍
എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്ര!
വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിന്‍ചരണചോരയാദം തന്‍ശിരസ്സിലൊഴുകിച്ചു
വന്‍ചതിയാല്‍ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
നാരികയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേര്‍ത്തുകൊള്‍വാന്‍ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാന്‍
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
അദിദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലില്‍ വീട്ടുവാനായ്
അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര?
പള്ളിതന്റെയുള്ളകത്തു വെച്ചനിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
പള്ളിയകത്തുള്ളവര്‍ക്ക് വലയുമ്പോള്‍ കൊടുപ്പാനായ്
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
ഇങ്ങനെ മാനുഷര്‍ക്കു നീ മംഗലലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളികതായേ!
നിന്മകന്റെ ചോരയാലെയെന്‍മനോദോഷം കഴുകി
വെണ്‍മനല്‍കീടണമെന്നില്‍ നിര്‍മ്മല തായേ!
നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ
നിര്‍മ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
നിന്മകങ്കലണച്ചെന്നെ നിര്‍മ്മലമോക്ഷം നിറച്ച്
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാല്‍
പന്ത്രണ്ടാം പാദം സമാപ്തം
Very good 👍 appreciated... however few lines are missing
ReplyDeleteവിട്ടുപോയ വരികൾകൂടി ചേർത്താൽ ഒരുപാട് നന്നായിരുന്നു.. 👍👍
ReplyDeleteGood effort.as commented before few lines are lost
ReplyDeleteFew lines are missing
ReplyDeleteGood
ReplyDeleteവിട്ടു പോയത് കൂടി കുട്ടിച്ചേർത്താൽ നന്നായിരുന്നു
ReplyDeleteThanks❤
ReplyDeleteThere are few more lines it could be great if they add that line..
ReplyDelete