യാമപ്രാര്‍ത്ഥനകള്‍
കുടുംബങ്ങളിലെ ഉപയോഗത്തിന് സീറോ-മലബാര്‍ കത്തോലിക്കാ സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ നിന്ന് ശേഖരിയ്ക്കപ്പെട്ടതാണു് ഇവിടെ ചേര്‍ത്തിരിക്കുന്ന പ്രാര്‍ത്ഥനകള്‍
- യാമപ്രാര്‍ത്ഥന
- ആരാധനാവത്സരവും കാലങ്ങളും
- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സുറിയാനി പദങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു . ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം. ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന. സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്. കൂദാശകള്‍ , കൂദാശാനുകരണങ്ങള്‍ , യാമപ്രാര്‍ത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനക്രമം.
സീറോ-മലബാര്‍ സഭയില്‍ സായംകാലപ്രാര്‍ത്ഥന (റംശാ), രാത്രിജപം (ലെലിയാ), പ്രഭാത നമസ്കാരം (സപ്രാ) ഇങ്ങനെ മൂന്നു യാമപ്രാര്‍ത്ഥനകളാണുള്ളത്. ദിവസം ആരംഭിക്കുന്നത് വൈകുന്നേരമായിട്ടാണ് കരുതുക. സഭാനിയമപ്രകാരം നിയുക്തരായ വ്യക്തികളുടെ നേതൃത്വത്തിലാണു് യാമപ്രാര്‍ത്ഥന നടത്തുന്നത്. അല്‍മായരും ഇതില്‍ പങ്കെടുക്കുന്ന പാരമ്പര്യമാണ് സീറോ-മലബാര്‍ സഭയില്‍ നിലവിലിരുന്നത്. അലസതകൂടാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന ദിവ്യനാഥന്റെ കല്പനയുടെ നിറവേറ്റലാണ് യാമപ്രാര്‍ത്ഥന. വ്യക്തിപരമായ പ്രാര്‍ത്ഥനാജീവിതത്തെ യാമപ്രാര്‍ത്ഥന പോഷിപ്പിക്കുകയും പുണ്യാഭിവൃദ്ധിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
വിശുദ്ധ ഗ്രന്ഥത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളായ സങ്കീര്‍ത്തനങ്ങളാണു് യാമപ്രാര്‍ത്ഥനകളുടെ പ്രധാനഭാഗം.
ആരാധനാവത്സരവും കാലങ്ങളും
ആരാധനാവത്സരം തുടര്‍ന്നു പറയുന്ന പ്രകാരം വിഭജിക്കപ്പെട്ടിരിക്കുന്നു: മംഗലവാര്‍ത്ത, ദനഹാ, നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ-ശ്ലീവാ, മൂശേ, പള്ളിക്കൂദാശ.
നൂറ്റാണ്ടുകളായി രക്ഷകനുവേണ്ടി കാത്തിരുന്ന ജനതയ്ക്ക് രക്ഷയുടെയും സന്തോഷത്തിന്റെയും സുവിശേഷമായ മിശിഹായെ ലഭിച്ചതിന്റെ അനുസ്മരണമാണു് മംഗലവാര്‍ത്തക്കാലം. രക്ഷാസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രക്ഷകനെ ലോകത്തിനു് നല്കിയ പരിശുദ്ധ അമ്മയെയും മംഗലവാര്‍ത്തക്കാലത്ത് നമ്മള്‍ അനുസ്മരിച്ചാദരിക്കുന്നു. എല്ലാവര്‍ക്കും സേവനം ചെയ്തുകൊണ്ട് മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം കയ്യാളിച്ച ദിവ്യഗുരുവിന്റെ പരസ്യജീവിതമാണു് ദനഹാക്കാലത്തില്‍ നാം അനുസ്മരിക്കുന്നത്. പശ്ചാത്താപവും അനുരഞ്ജനവും വഴി ആത്മവിശുദ്ധീകരണം പ്രാപിക്കാന്‍ നോമ്പുകാലം വഴിയൊരുക്കുന്നു.
മരിച്ച് ഉയിര്‍ത്തുകൊണ്ട് മരണത്തെ ജയിച്ച കര്‍ത്താവിന്റെ വിജയത്തെ ഉയിര്‍പ്പുകാലത്തില്‍ നാം ആഘോഷിക്കുന്നു. നിത്യം ജീവിക്കുന്ന മിശിഹായോടുകൂടി പ്രത്യാശയുടെ ജീവിതം നയിക്കാന്‍ ഉയിര്‍പ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ശ്ലീഹന്മാര്‍ നാനാദിക്കുകളിലും സധൈര്യം സുവിശേഷം പ്രഘോഷിച്ചുകൊണ്ട് സഭയെ പടുത്തുയര്‍ത്തിയതിനെയാണു് ശ്ലീഹാക്കാലം അവതരിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണു് കൈത്താക്കാലത്തെ മനസ്സിലാക്കേണ്ടത്. മിശിഹായുടെ പ്രത്യാഗമനത്തെ ലക്ഷ്യമാക്കി സഭ നൂറ്റാണ്ടുകളിലൂടെ മുന്നേറുന്നതിനെ ഈ കാലം സൂചിപ്പിക്കുന്നു.
ഏലിയാ-സ്ലീവാക്കാലം ലോകാവസാനത്തെ സൂചിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 14-നു് ആഘോഷിക്കുന്ന വി.സ്ലീവായുടെ തിരുനാള്‍ ഈ കാലത്തിലാണു്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനം, യുദ്ധത്തില്‍ അദ്ദേഹം നേടിയ വിജയം, ജറുസലേമില്‍ തിരുക്കല്ലറയുടെ മുകളില്‍ പണിത ദേവാലയത്തിന്റെ പ്രതിഷ്ഠ ഇവയെല്ലാം അനുസ്മരിപ്പിക്കുന്നു ഈ തിരുനാള്‍. തുടര്‍ന്നു വരുന്നത് മൂശെക്കാലമാണു്. താബോര്‍മലയില്‍ മഹത്വമണിഞ്ഞ ഈശോയുടെ ഇരുവശങ്ങളിലായി മൂശെയും ഏലിയായും കാണപ്പെട്ടതുപോലെ കുരിശിന്റെ മഹത്വത്തെ ആചരിക്കുന്ന തിരുനാളിനു മുമ്പും പിമ്പുമായി ഇവര്‍ ഇരുവരുടെയും പേരില്‍ രണ്ടുകാലം നിലകൊള്ളുന്നു.
അവസാനത്തേതായ പള്ളിക്കൂദാശക്കാലം മിശിഹായുടെ മണവാട്ടിയായ തിരുസ്സഭ സ്വര്‍ഗ്ഗീയ മണവറയില്‍ തന്റെ നിത്യമണവാളനോട് എന്നേക്കുമായി ചേര്‍ക്കപ്പെടുന്നത് സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കൈക്കസ്തൂരി (സമാധാനാശംസ) കൊടുത്തുകൊണ്ടാണു് സപ്രാ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. ഇത് അംഗങ്ങള്‍ തമ്മിലുള്ള ഹൃദയൈക്യത്തിന്റെ പ്രകാശനമാണു്. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പരസ്പരം ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്ന രീതി തുടരണം.
- കാര്‍മ്മികന്റെ പ്രാര്‍ത്ഥനകള്‍ കുടുംബനാഥനോ കുടുംബനാഥന്റെ അഭാവത്തില്‍ കുടുംബനാഥയോ കുടുംബത്തിലെ മുതിര്‍ന്ന മറ്റംഗങ്ങളാരെങ്കിലുമോ ചൊല്ലേണ്ടതാണു്. പ്രാര്‍ത്ഥനകള്‍ ഭംഗിയായി ചൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും ഒരംഗം ശുശ്രൂഷിയായി വര്‍ത്തിക്കുന്നു.
- പ്രാര്‍ത്ഥനകളും ഗാനങ്ങളും സ്ഫുടമായും ആവശ്യത്തിനു് ശബ്ദമുയര്‍ത്തിയും നിര്‍ത്തിയും എല്ലാവരും ഒന്നിച്ചും ചൊല്ലേണ്ടതാണു്. എല്ലാവരും പുസ്തകമുപയോഗിച്ച് (അവസരത്തിനനുസരിച്ച്. ഇവിടെ അത് ഒരു പ്രിന്റ്-ഔട്ടോ, കംമ്പ്യൂട്ടര്‍ സ്ക്രീന്‍ തന്നെയുമോ ആവാം) പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുവാന്‍ ശ്രദ്ധിയ്ക്കുക.
- സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന ആയതു കൊണ്ട് എല്ലാവരും എഴുന്നേറ്റുനിന്ന് സപ്രാ ചൊല്ലുന്നതാണു് പതിവ്. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോഴും ഗാനങ്ങള്‍ ആലപിക്കുമ്പോഴും ഇരിക്കുന്നു.
- വി. കുര്‍ബ്ബാനയും, മറ്റു കൂദാശകളും, കൂദാശാനുകരണങ്ങളും പോലെ യാമപ്രാര്‍ത്ഥനകള്‍ സഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമാകയാല്‍ അത് മറ്റെല്ലാ പ്രാര്‍ത്ഥനകളെക്കാളും സ്വകാര്യഭക്താനുഷ്ഠാനങ്ങളെക്കാളും ശ്രേഷ്ഠവും ദൈവത്തിനു് സ്വീകാര്യവുമായിരിക്കും.
യാമപ്രാര്‍ത്ഥനയിലെ ചില സുറിയാനി പദങ്ങള്‍
സപ്രാ - പ്രഭാതജപം
റംശാ - സായാഹ്ന പ്രാര്‍ത്ഥനകള്‍
ലെലിയാ - രാത്രിജപം
ശൂറായാ - പ്രകീര്‍ത്തനം
ശൂബാഹാ - സ്തോത്രഗീതം
സ്ലോസാ - ജപം, പ്രാര്‍ത്ഥന
കാറോസൂസാ - പ്രഘോഷണ പ്രാര്‍ത്ഥന
ഹൂത്താമ്മാ - മുദ്രവയ്ക്കല്‍ പ്രാര്‍ത്ഥന
എങ്കര്‍ത്താ - ലേഖനം
തെശ്ബോഹത്താ - സ്തുതിഗീതം
ഓനീസാ ദക്ക്ദം - പൂര്‍വ്വഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു മുമ്പ്)
ഓനീസാ ദ്ബാസര്‍ - ഉത്തരഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു ശേഷം)
ഓനീസാ ദ്‌റംശാ - സായാഹ്നഗീതം
ഓനീസാ ദ്‌ബാസാലിക്കേ - രാജഗീതം
ഓനീസാ ദ്‌മൗത്വാ - നിശാഗീതം
ഓനീസാ ദ്‌സപ്രാ - പ്രഭാതഗീതം
ബാറെക് കൊലഹോന്‍ - കൃതജ്ഞതാഗാനം / കൃതജ്ഞതാ കീര്‍ത്തനം
ബ്‌മദ്‌നാഹൈ സപ്രാ - പ്രഭാതകീര്‍ത്തനം
മറിയാ ക്രോസാക് - സായാഹ്ന സങ്കീര്‍ത്തനം
ആസ്‌വാസാ - അക്ഷരമാലാനുസൃതമായി ഓരോ ഭാഗവും തുടങ്ങുന്ന രീതിയില്‍ വിരചിതമായ സങ്കീര്‍ത്തനങ്ങള്‍
0 comments:
Post a Comment