Thursday, May 01, 2014

സപ്രാ-SAPRA



സപ്രാ
സാധാരണ ദിവസങ്ങളില്‍ ഉപയോഗിയ്ക്കേണ്ട കര്‍മ്മക്രമം




മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

(ദിവസത്തിന്റെ പ്രത്യേക സ്ലോസാ ഇല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്നത് ചൊല്ലുന്നു)

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂര്‍വ്വം അങ്ങയെ സ്തുതിച്ചാരാധിയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താല്‍ അങ്ങ് അവയെ സൃഷ്ടിച്ചു; അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. സൃഷ്ടികള്‍ക്കു കാരണഭൂതനും ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കര്‍ത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

സങ്കീര്‍ത്തനത്തിന്റെ ആദ്യപാദം കാനോനയോടുകൂടെ മ്ശംശാന ചൊല്ലുമ്പോള്‍ ഒന്നാം ഗണം സങ്കീര്‍ത്തനവാക്യം ആവര്‍ത്തിക്കുകയും സമൂഹം തുടര്‍ന്നു ചൊല്ലി ത്രിത്വസ്തുതിയോടുകൂടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. മ്ശംശാന സങ്കീര്‍ത്തനാരംഭം കാനോനയോടുകൂടെ ആവര്‍ത്തിച്ചശേഷം നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ എന്നു ചൊല്ലുന്നു. മറ്റു സങ്കീര്‍ത്തനങ്ങളും ഇങ്ങനെതന്നെയാണ് ചൊല്ലേണ്ടത്.

മ്‌ശം: (സങ്കീ. 100) ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍ 
കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് 
നമ്മുടെ കര്‍ത്താവും ദൈവവുമായ 
അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
അവിടുന്നു നമ്മുടെ സ്രഷ്ടാവാകുന്നു 
നാം അവിടുത്തെ അജങ്ങളും ജനവുമാകുന്നു 
സ്തോത്രങ്ങള്‍ പാടിക്കൊണ്ട് 
അവിടുത്തെ വാതിലുകള്‍ കടക്കുവിന്‍
കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് 
അങ്കണത്തിലേയ്ക്കു പ്രവേശിക്കുവിന്‍ 
നന്ദി നിറഞ്ഞ ഹൃദയത്തോടെ 
അവിടുത്തെ നാമം കീര്‍ത്തിക്കുവിന്‍
കര്‍ത്താവു നല്ലവനും കാരുണ്യവാനുമാകുന്നു 
അവിടുത്തെ വിശ്വസ്തത എന്നും നിലനില്‍ക്കും 
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (കാനോന) പ്രകാശദാതാവായ കര്‍ത്താവേ, നിനക്കു ഞങ്ങള്‍ സ്തുതി സമര്‍പ്പിക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കയും അങ്ങേ തിരുനാമത്തെ പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങു സകലത്തിന്റെയും നാഥനും സ്രഷ്ടാവുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 91) അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

അത്യുന്നതന്റെ സംരക്ഷണമുള്ളവനും 
ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു 
“എന്റെ ആശ്രയവും സങ്കേതവും അങ്ങാകുന്നു” എന്ന് 
കര്‍ത്താവിനോടു പറയുക
ദുഷ്ടന്മാരുടെ കെണിയില്‍ നിന്നും 
വ്യര്‍ത്ഥമായ സംഭാഷണത്തില്‍ നിന്നും 
അവിടുന്നു നിന്നെ രക്ഷിയ്ക്കും 
തന്റെ തൂവലുകള്‍ കൊണ്ട് 
അവിടുന്നു നിന്നെ മറച്ചുകൊള്ളും
തന്റെ ചിറകുകളുടെ കീഴില്‍ 
അവിടുന്നു നിന്നെ കാത്തുകൊള്ളും 
രാത്രിയുടെ ഭീകരതയും 
പകല്‍ പറക്കുന്ന അസ്ത്രവും 
നീ ഭയപ്പെടേണ്ട
ഇരുട്ടില്‍ മുഴങ്ങുന്ന വചനവും 
മദ്ധ്യാഹ്നത്തിലടിക്കുന്ന കൊടുങ്കാറ്റും 
നീ ഒട്ടും പേടിക്കേണ്ട 
ആയിരങ്ങള്‍ നിന്റെ പാര്‍ശ്വഭാഗത്തു വീഴും 
പതിനായിരങ്ങള്‍ നിന്റെ വലതുഭാഗത്തും 
എങ്കിലും അവരാരും നിന്നെ സ്പര്‍ശിക്കയില്ല
നീ അവരെയെല്ലാം കാണും 
ദുഷ്ടനു കിട്ടുന്ന പ്രതിഫലം നീ ദര്‍ശിക്കും 
നിന്റെ സങ്കേതം കര്‍ത്താവാകുന്നു 
അത്യുന്നതന്‍ നിന്റെ കോട്ടയാകുന്നു
നിനക്കു യാതൊരു തിന്മയും വരുകയില്ല 
ബാധകള്‍ നിന്റെ കൂടാരത്തെ ഉപദ്രവിക്കയില്ല 
വഴികളില്‍ നിന്നെ സംരക്ഷിക്കുവാന്‍ 
അവിടുന്നു തന്റെ മാലാകാമാരോടു കല്പിക്കും
നിന്റെ പാദം കല്ലിന്മേല്‍ തട്ടാതെ 
കരങ്ങളില്‍ നിന്നെ അവര്‍ വഹിച്ചുകൊള്ളും 
സര്‍പ്പത്തിന്റെയും അണലിയുടെയും മേല്‍ 
നീ ചവിട്ടി നടക്കും
സിംഹത്തെയും പെരുമ്പാമ്പിനെയും 
നീ ചവിട്ടി മെതിക്കും 
എന്നോടു പ്രാര്‍ത്ഥിച്ചതു കൊണ്ട് 
ഞാന്‍ അവനെ രക്ഷിയ്ക്കും
എന്റെ നാമം അറിഞ്ഞതു കൊണ്ട് 
ഞാന്‍ അവനെ ശക്തിപ്പെടുത്തും 
എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ 
ഞാന്‍ അവന് ഉത്തരമരുളും
അവന്റെ സങ്കടകാലങ്ങളിലെല്ലാം 
ഞാന്‍ അവന്റെ കൂടെ ഉണ്ടായിരിക്കും 
ശക്തിയും ബഹുമാനവും അവനു ഞാന്‍ നല്‍കും 
ദീര്‍ഘായുസ്സ് നല്‍കിക്കൊണ്ട് അവനെ ഞാന്‍ തൃപ്തനാക്കും 
രക്ഷിയ്ക്കുവാനുള്ള എന്റെ കഴിവ് അവനെ കാണിക്കയും ചെയ്യും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍ 

മ്‌ശം: അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലില്‍ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു. (കാനോനാ) ഞങ്ങളുടെ രക്ഷകനായ മിശിഹായേ, നിന്നിലുള്ള പ്രത്യാശ സ്തുത്യര്‍ഹമാകുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ പരിപാലന എത്രയും സ്തുത്യര്‍ഹമാകുന്നു. അങ്ങയെ ആശ്രയിക്കയും അങ്ങേ തിരുനാമം വിളിച്ചപേക്ഷിക്കയും ചെയ്യുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 104) എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക. (കാനോന) കര്‍ത്താവിന്റെ മഹത്വം എന്നേയ്ക്കും.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിയ്ക്കുക 
എന്റെ ദൈവമായ കര്‍ത്താവേ, 
അങ്ങുന്ന് ഏറ്റവും വലിയവനാകുന്നു. 
മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിയ്ക്കുന്നു 
പ്രകാശം മേലങ്കിയായി അണിഞ്ഞിരിയ്ക്കുന്നു
കൂടാരത്തിന്റെ ആകൃതിയില്‍ 
ആകാശത്തെ അവിടുന്നു വിരിച്ചുനിര്‍ത്തി 
വെള്ളത്തിനു മുകളിലായി 
തന്റെ മാളികകള്‍ നിര്‍മ്മിച്ചു
മേഘങ്ങളെ വാഹനമാക്കി 
കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിച്ചു 
അവന്‍ തന്റെ ദൂതന്മാരെ അശരീരികളായും 
തന്റെ ശുശ്രൂഷകരെ ജ്വലിക്കുന്ന അഗ്നിയായും സൃഷ്ടിച്ചു
ഒരിക്കലും ഇളകാതിരിക്കുവാന്‍ 
ഭൂമിയെ അടിത്തറയിലുറപ്പിച്ചു 
വസ്ത്രം കൊണ്ടെന്നപോലെ 
ആഴികൊണ്ട് അതിനെ ആവരണം ചെയ്തു
വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു 
അവിടുന്നു കല്പിക്കുമ്പോള്‍ അതു പ്രവഹിക്കയും 
ഇടിമുഴക്കുമ്പാള്‍ അതു വിറയ്ക്കയും ചെയുന്നു 
അവിടുന്നു നിശ്ചയിച്ച സ്ഥാനങ്ങളില്‍ 
മലകളും താഴ്വരകളുമുണ്ടായി
ജലം ഭൂമിയെ മൂടാതിരിക്കുവാന്‍ 
അതിന് അതിരു നിശ്ചയിച്ചു 
നീര്‍ച്ചാലുകളെ നദിയിലേയ്ക്കു തിരിച്ചുവിട്ടു 
അവ മലയിടുക്കിലൂടെ ഒഴുകിപ്പോകുന്നു
വനത്തിലെ മൃഗങ്ങളെല്ലാം അവയില്‍നിന്നു കുടിക്കുന്നു 
കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു 
ആകാശത്തിലെ പറവകള്‍ അവയ്ക്കു സമീപം കൂടുകെട്ടി 
മരച്ചില്ലകളിലിരുന്ന് അവ പാട്ടുപാടി
മാളികയില്‍ നിന്ന് അവിടുന്നു മലകളെ നനയ്ക്കുന്നു 
അവിടുത്തെ പ്രവൃത്തിയുടെ ഫലമനുഭവിച്ച് 
ഭൂമി തൃപ്തിയടയുന്നു 
അവിടുന്ന് മൃഗങ്ങള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു 
മനുഷ്യന് ആഹാരമുണ്ടാക്കുവാന്‍ സസ്യങ്ങള്‍ കിളിര്‍പ്പിക്കുന്നു
(കാനോനാ) കര്‍ത്താവിന്റെ മഹത്വം എന്നേയ്ക്കും 
(സങ്കീ. 143) ആകാശമണ്ഡലത്തില്‍ കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
അത്യുന്നതങ്ങളില്‍ അവിടുത്തെ പുകഴ്ത്തുവിന്‍
കര്‍ത്താവിന്റെ മാലാകാമാരേ, അവിടുത്തെ സ്തുതിക്കുവിന്‍ 
കര്‍ത്താവിന്റെ സൈന്യങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍ 
പകലോനേ, പനിമതിയേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ കര്‍ത്താവിനെ പുകഴ്ത്തുവിന്‍
അവിടുന്ന് അരുളിച്ചെയ്തപ്പോള്‍ അവയെല്ലാം ഉണ്ടായി 
അവിടൂന്ന് ആജ്ഞാപിച്ചപ്പോള്‍ അവയെല്ലാം സൃഷ്ടിക്കപ്പെട്ടു 
അവിടുന്ന് അവയെല്ലാം നിത്യകാലത്തേയ്ക്ക് സുസ്ഥിരമാക്കി 
അലംഘ്യമായ നിയമവും അവയ്ക്കു നല്‍കി
ഭൂലോകത്തിലെങ്ങും കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
അഗ്നിയേ, മഞ്ഞേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ആലിപ്പഴമേ, മഞ്ഞുകട്ടയേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
കാറ്റേ, കൊടുങ്കാറ്റേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
അവിടുത്തെ ഒറ്റവാക്കാല്‍ അവയെല്ലാം സൃഷ്ടിക്കപ്പെട്ടു 
പര്‍വ്വതങ്ങളേ, മലകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ഫലവൃക്ഷങ്ങളേ, മലകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
വന്യമൃഗങ്ങളേ, നാല്‍ക്കാലികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ഇഴജന്തുക്കളേ, പറവകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
രാജാക്കളേ, പ്രഭുക്കളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ന്യായാധിപന്മാരേ, ജനങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
യുവാക്കളേ, കന്യകമാരേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
വൃദ്ധരേ, ശിശുക്കളെ, കര്‍ത്താവിന്റെ നാമം കീര്‍ത്തിക്കുവിന്‍ 
അവിടുത്തെ തിരുനാമം ഉന്നതമാകുന്നു 
ആകാശത്തിലും ഭൂമിയിലും അവിടുന്ന് പുകഴ്ത്തപ്പെടുന്നു 
(സങ്കീ. 150) കര്‍ത്താവിന്റെ വിശുദ്ധ ഭവനത്തില്‍ 
അവിടുത്തെ സ്തുതിക്കുവിന്‍
പ്രതാപം നിറഞ്ഞ ആകാശത്തില്‍ 
അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍ 
കര്‍ത്താവിന്റെ ധീരകൃത്യങ്ങളെക്കുറിച്ച് 
അവിടുത്തെ സ്തുതിക്കുവിന്‍
കാഹളമൂതിക്കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍ 
വീണകളാലും കിന്നരങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍ 
തപ്പുകളാലും മദ്ദളങ്ങളാലും അവിടുത്തെ സ്തുതിക്കുവിന്‍ 
ഇമ്പമുള്ള തന്ത്രികളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍ 
കര്‍ണ്ണാനന്ദകരമായ കൈത്താളങ്ങളാല്‍ അവിടുത്തെ സ്തുതിക്കുവിന്‍
ആരവം കൊണ്ടും ആര്‍പ്പുവിളികൊണ്ടും 
കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
സര്‍വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ 
(സങ്കീ. 116) ജനപദങ്ങളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
ഭൂവാസികളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍
അവിടുത്തെ സ്നേഹം അനന്തമാകുന്നു 
തന്റെ വാഗ്ദാനം അവിടുന്നു പൂര്‍ത്തിയാക്കുന്നു 
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

മ്‌ശം: (കാനോനാ) എല്ലാ ശ്വാസോഛാസത്തിലും നമുക്കു കര്‍ത്താവിനെ സ്തുതിയ്ക്കാം. വെളിച്ചമായ മിശിഹായേ, ഞങ്ങള്‍ നിന്നെ സ്തുതിയ്ക്കുന്നു. നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അനന്തവും അഗ്രാഹ്യവുമായ അങ്ങേ കാരുണ്യത്തെയോര്‍ത്ത് സൃഷ്ടികളെല്ലാം അങ്ങയെ സ്തുതിക്കുവാനും ആരാധിക്കുവാനും കടപ്പെട്ടിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

കാര്‍മ്മി: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

മ്‌ശം: കര്‍ത്താവേ, പ്രഭാതത്തില്‍ ഞാന്‍ ഒരുങ്ങി അങ്ങേ പക്കല്‍ വരുന്നു. എന്റെ പ്രാര്‍‌ത്ഥന കേള്‍ക്കണമേ.

സമൂ: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍. സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോമിശിഹായേ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിയ്ക്കുന്നവനുമാകുന്നു.

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: അനാദിയായ ദൈവമേ, ഉന്നതനായ രാജാവേ, അങ്ങു ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: (സങ്കീ. 51) ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു കരുണ തോന്നണമേ: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസരിച്ച് എന്റെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യണമേ. (കാനോനാ) കര്‍ത്താവേ, എന്നില്‍ കനിയണമേ, ദൈവമേ, എന്നില്‍ കനിയണമേ; കര്‍ത്താവേ, എന്നില്‍ കനിയണമേ.

(സമൂഹം രണ്ടു ഗണമായി തുടര്‍ന്നു ചൊല്ലുന്നു)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്തവിധം...
എന്റെ അപരാധങ്ങള്‍ നിശ്ശേഷം കഴുകിക്കളയണമേ 
പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ
എന്തുകൊണ്ടെന്നാല്‍ എന്റെ പാപങ്ങള്‍ ഞാനറിയുന്നു 
അവയെല്ലാം എപ്പോഴും എനിക്കെതിരെ നില്‍ക്കുന്നു 
അങ്ങേയ്ക്കെതിരായി ഞാന്‍ പാപം ചെയ്തുപോയി 
അങ്ങയുടെ സന്നിധിയില്‍ ഞാന്‍ തിന്മകള്‍ പ്രവര്‍ത്തിച്ചു.
(നോമ്പുകാലത്ത് താഴെ വരുന്നവയും ചൊല്ലുന്നു)

അങ്ങയുടെ വചനങ്ങള്‍ നീതിയുക്തമാകുന്നു 
അങ്ങയുടെ വിധികള്‍ കുറ്റമറ്റതാകുന്നു 
പാപത്തോടെയാണ് ഞാന്‍ പിറന്നത് 
ഉത്ഭവം മുതലേ ഞാന്‍ പാപിയാകുന്നു
അങ്ങു സത്യത്തില്‍ പ്രസാദിച്ചു 
അങ്ങയുടെ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ എനിയ്ക്കു വെളിപ്പെടുത്തി 
സോപ്പാ കൊണ്ടെന്നെ തളിക്കണമേ 
അപ്പോള്‍ ഞാന്‍ നിര്‍മ്മലനാകും
അതില്‍ എന്നെ കഴുകണമേ 
ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും 
അങ്ങയുടെ സന്തോഷം എനിയ്ക്കു നല്‍കണമേ 
അപ്പോള്‍ ഞാന്‍ ആനന്ദഭരിതനാകും
എന്റെ പാപങ്ങളില്‍ നിന്നു മുഖം തിരിക്കണമേ 
എന്റെ തെറ്റുകളെല്ലാം മായിച്ചുകളയണമേ 
ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ 
അങ്ങയുടെ ചൈതന്യം എന്റെ ഉള്ളില്‍ നവീകരിക്കണമേ
അങ്ങയുടെ സന്നിധിയില്‍ നിന്നെന്നെ തള്ളിക്കളയരുതേ 
അങ്ങയുടെ പരിശുദ്ധമായ ചൈതന്യം എന്നില്‍ നിന്നെടുത്തുകളയരുതേ 
അങ്ങയുടെ ആനന്ദവും രക്ഷയും എനിക്കു വീണ്ടും തരണമേ 
അങ്ങയുടെ സ്തുത്യമായ ചൈതന്യം എന്നെ താങ്ങിനിര്‍ത്തട്ടെ.
ദുഷ്ടരെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കുന്നതിനും 
പാപികള്‍ അങ്ങയുടെ പക്കലേയ്ക്കു പിന്തിരിയുന്നതിനും ഇടയാകട്ടെ 
എന്നെ നീതീകരിക്കുന്ന ദൈവമേ, 
രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമേ
എന്റെ നാവ് അങ്ങയുടെ നീതിയെ സ്തുതിക്കും 
കര്‍ത്താവേ, എന്റെ അധരങ്ങള്‍ തുറക്കണമേ 
എന്റെ വായ് അങ്ങയുടെ സ്തുതികള്‍ ഉരുവിടട്ടെ 
എന്തുകൊണ്ടെന്നാല്‍ ബലികളില്‍ അങ്ങ് സം‌പ്രീതനായില്ല 
ദഹനബലികളിലും സന്തുഷ്ടനായില്ല
ദൈവത്തിനുള്ള ബലി വിനയമുള്ള മനസ്സാണ് 
തകര്‍ന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ല 
അങ്ങയുടെ ഇഷ്ടാനുസരണം സെഹിയോന് നന്മ ചെയ്യണമേ 
ഓറെശ്ലത്തിന്റെ കോട്ടകള്‍ പണിയണമേ
അപ്പോള്‍ നീതിയുടെ ബലികളിലും ഹോമബലികളിലും അങ്ങ് സം‌പ്രീതനാകും 
അങ്ങയുടെ ബലിപീഠത്തില്‍ അവര്‍ കാളകളെ ബലിയര്‍പ്പിക്കുകയും ചെയ്യും
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
മ്‌ശം: ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു കരുണ തോന്നണമേ: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസരിച്ച് എന്റെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യണമേ. (കാനോനാ) കര്‍ത്താവേ, എന്നില്‍ കനിയണമേ, ദൈവമേ, എന്നില്‍ കനിയണമേ; കര്‍ത്താവേ, എന്നില്‍ കനിയണമേ.

തെ‌ശ്‌ബൊഹത്താ
(രീതി: മറിയാബസപ്രാ...
ബ്‌എന്താന്‍‌സപ്രാ/സമയമടുത്തു ദൈവമിതാ...)
അഖിലേശാ, നിന്‍ തിരുമുമ്പില്‍ 
സ്തോത്രം ഞങ്ങളണയ്ക്കുന്നു 
സ്തുതിഗീതങ്ങള്‍ പാടുന്നു. 
കര്‍ത്താവേ, നിന്‍ കൃപയാലേ 
സ്രഷ്ടാവാം നിന്‍ കാരുണ്യം 
ഞങ്ങള്‍ വാഴ്ത്തിടുമെന്നാളും. 
രക്ഷകനേ, നിന്‍ കരമിവരെ 
സദയം താങ്ങുന്നനുനിമിഷം 
സതതം കാത്തുനയിക്കുന്നു 
കര്‍ത്താവേ, നിന്‍ ദൈവത്വം 
അരാധിച്ചു വണങ്ങിടുമീ 
ഞങ്ങളിലനിശം കനിയണമേ.
ശാന്തത നിറയും തുറമുഖമേ, 
കരുണാപൂരം ചൊരിയണമേ, 
തനയരെയലിവൊടു നോക്കണമേ. 
കര്‍ത്താവേ, നിന്‍ തിരുവദനം, 
നിന്‍പ്രഭയിവരില്‍ ചൊരിയട്ടെ 
ഞങ്ങള്‍ രക്ഷിതരാകട്ടെ. 
അനുതാപികളെ കൃപയോടെ 
കൈക്കൊള്ളുന്ന ദയാനിധേ, 
ഞങ്ങള്‍ക്കഭയം നീയല്ലോ. 
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ 
ആരാധകരുടെ നിലവിളികള്‍ 
നിന്‍ തിരുസന്നിധിയണയട്ടെ.
മര്‍ത്യകടങ്ങള്‍ നീര്‍പ്പവനേ, 
അടിയാര്‍തന്‍ കടബാദ്ധ്യതകള്‍ 
നിന്‍ കൃപയാല്‍ നീ നീക്കണമേ. 
നരകുലപാപം പോക്കും നീ 
പാപക്കറകള്‍ മായ്ക്കണമേ 
നിരവധിയെങ്കിലുമലിവോടെ. 
നരവംശത്തിനുത്തമമാം 
ശരണം നാഥാ, നീയല്ലോ 
ചൊരിയണമേ തവ ശാന്തി സദാ, 
പരിപാവനമാം ത്രിത്വത്തിന്‍ 
നാമം നിതരാം വാഴ്ത്തിടുവാന്‍ 
നരനു പുരോഗതി നല്‍കണമേ!

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: മനുഷ്യവര്‍ഗ്ഗത്തിന്റെ ശരണവും സമാധാനത്തിന്റെ തുറമുഖവുമായ മിശിഹായേ, ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ അങ്ങയെ സ്തുതിക്കുവാന്‍ വേണ്ടി അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങള്‍ക്കു തരണമേ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: സഹോദരരേ, നമുക്കു സ്വരമുയര്‍ത്തി സജീവനായ ദൈവത്തെ പ്രകീര്‍ത്തിക്കാം.

സമൂ:
പരിപാവനനാം സര്‍വ്വേശാ 
പരിപാവനനാം ബലവാനേ, 
പരിപാവനനാമമര്‍ത്യനേ, 
നിന്‍‌‌കൃപ ഞങ്ങള്‍ക്കേകണമേ. (3 പ്രാവശ്യം)

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ നാമം പരിശുദ്ധമാകുന്നു. നല്ലവനേ, അങ്ങയുടെ കാരുണ്യം അനന്തമാകുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന പാപികളായ ഞങ്ങളുടെമേല്‍ അനുഗ്രഹം വര്‍ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

ഒനീസാ ദ്സപ്രാ
ഇന്നു് ( ഉയിര്‍പ്പുകാലം ബുധന്‍ ) ചൊല്ലേണ്ടത്: 
( എല്ലാ ദിവസത്തെയും കാണുക)

(രീതി: തൂയൈ...)

യോഹ 19:27ഇതാ നിന്റെ അമ്മ 
കര്‍ത്താവേ, നിന്‍ ജനനിയിലാ- 
ശിഷ്യന്‍ നിന്നെ ദര്‍ശിച്ചു. 
മാതാവേ, തന്‍ തനയനെയാ- 
ശിഷ്യനിലന്‍‍പൊടു കണ്ടെത്തി. 

സങ്കീ 46:4അത്യുന്നതന്റെ വാസസ്ഥലം പരിശുദ്ധമാകുന്നു
നിര്‍മ്മലഹൃദയ നികേതത്തില്‍ 
വാഴും നീയെന്നറിയിക്കാന്‍ 
നീ നിവസിച്ചോരാലയമാ 
ശിഷ്യന്‍ വിരവൊടു മാനിച്ചു. 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
അന്യരിലീശ്വര ചൈതന്യം 
ഞങ്ങളുമീമട്ടന്യൂനം 
കണ്ടെത്തിടുവാന്‍ കര്‍ത്താവേ, 
കരുണാമയനേ, കനിയണമേ. 

ബ്മദ്നാഹൈ സപ്രാ (പ്രഭാതകീര്‍ത്തനം)
(രീതി: മെത്തോല്‍ദ് മറിയം ബ്സുല്‍ത്താ)
പുലരിപ്രഭയില്‍ കര്‍ത്താവേ, 
സാമോദം നിന്‍ ദാസരിതാ 
സൃഷ്ടിക്കഖിലം രക്ഷകനാം 
നിന്‍സ്തുതിഗീതം പാടുന്നു. 
സകലേശാ, നിന്‍ കൃപയാലേ 
ശാന്തി നിറഞ്ഞൊരു ദിനവും നീ 
പാപപ്പൊറുതിയുമരുളണമേ 
നന്മയിലൂടെ നയിക്കണമേ.
ശരണം പൊലിയാതെന്നാളും 
സുതരെക്കാത്തരുളീടണമേ 
ഞങ്ങള്‍ക്കെതിരായൊരുനാളും 
വാതിലടയ്ക്കരുതഖിലേശാ 
നരവംശത്തിന്‍ വൈകല്യം 
അറിയും താതാ, കനിയണമേ 
അര്‍ഹതനോക്കാതവികലമായ് 
പ്രതിസമ്മാനം നല്‍കണമേ
സ്നേഹവുമൈക്യവുനന്യൂനം 
ശാന്തിയുമിവിടെ വിതയ്ക്കണമേ 
അജപാലനമൊരു കുറവെന്യേ 
ഫലമേകാനിടയാക്കണമേ 
ആരോഗ്യം നരനേകണമേ 
രോഗികളെ സുഖമാക്കണമേ 
മര്‍ത്യഗണത്തിന്‍ പാപങ്ങള്‍ 
കഴുകി വിശുദ്ധി വളര്‍ത്തണമേ
ശാവോലില്‍ നിന്നെളിയവനാം 
ദാവീദിനെയെന്നതുപോലെ 
വഴികളിലെല്ലാം നിന്‍കരതാര്‍ 
ഞങ്ങളെ രക്ഷിച്ചരുളട്ടെ 
നിന്‍ഹിതമൊത്തിവരീനാളില്‍ 
വയ്‌ക്കും ചുവടുകളോരോന്നും 
ശാന്തതയോടെ വിജയത്തില്‍ 
ചെന്നെത്താനിടയാക്കണമേ
മൂശെയ്‌ക്കും നിന്‍ ജനതയ്‌ക്കും 
കടലില്‍ രക്ഷകൊടുത്തവനേ, 
സിംഹക്കുഴിയിലടിഞ്ഞവനില്‍ 
രക്ഷകനിഞ്ഞു പൊഴിച്ചവനേ, 
അഗ്നിയിലന്നാ ബാലകരെ 
കാത്തുസുരക്ഷിതരാക്കിയ നീ 
ദുഷ്ടപിശാചില്‍ നിന്നിവരെ 
സദയം രക്ഷിച്ചരുളണമേ.
കതിരവനൊത്തിവരുണരുന്നു 
താതനെയാരാധിക്കുന്നു 
തനയനു സ്തോത്രമണയ്ക്കുന്നു 
റൂഹയെ ഞങ്ങള്‍ വാഴ്‌ത്തുന്നു 
ദൈവപിതാവിന്‍ കൃപയും തന്‍ 
വത്സലസുതനുടെ കരളലിവും 
റൂഹാതന്‍ ദിവ്യാഗമവും 
നിത്യം തുണയരുളീടട്ടെ
നാഥാ, ദിവ്യഭിഷഗ്വരനേ 
നരനിഹശരണം നീയല്ലോ, 
നാശം വന്നുഭവിയ്ക്കായ്‌വാന്‍ 
കരുണയുടൗഷധമേകണമേ. 
നിന്‍ കല്പനകള്‍ കാത്തിടുവാന്‍ 
ശക്തിയശേഷമിവര്‍ക്കില്ല 
ആരാധകരാം ഞങ്ങളെ നീ 
കാത്തു തുണയ്ക്കുക മിശിഹായേ.
അനുതാപികളെ കൈക്കൊള്‍വാന്‍ 
വാതില്‍ തുറന്നു പ്രതീക്ഷിയ്ക്കും 
കരുണാമയനൊടു പാപത്തിന്‍ 
പൊറുതി നമുക്കുമിരന്നീടാം. 
ദിനമനുഞങ്ങള്‍ വാഗ്ദാനം 
ചെയ്യുന്നെങ്കിലുമപരാധം 
പെരുകിവരുന്നു കര്‍ത്താവേ, 
കനിവിന്‍ കിരണം ചൊരിയണമേ.

മ്‌ശം: നമുക്കു പ്രാര്‍ത്ഥിയ്ക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസാ
കാര്‍മ്മി: നീതിമാനും നല്ലവനും കരുണാനിധിയുമാക കര്‍ത്താവേ, അങ്ങയുടെ നാമം പരിശുദ്ധമാകുന്നു. അങ്ങയെ വിളിച്ചപേക്ഷിയ്ക്കുന്ന ആരാധകരായ ഞങ്ങളില്‍ അങ്ങയുടെ സ്നേഹമാധുര്യം വര്‍ഷിക്കേണമേ. ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിയ്‌ക്കുകയും, സ്നേഹം നിറഞ്ഞ പരിപാലനയുടെ തണലില്‍ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ദ്ഉദ്റാനാ
(സഹായാഭ്യര്‍ത്ഥന)
കാര്‍മ്മി: കര്‍ത്താവേ, അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും നിരന്തരമായ സഹായവും ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷയും മാര്‍ യൗസേപ്പിന്റെയും വിശുദ്ധ ശ്ലീഹന്‍മാരുടെയും പ്രാര്‍ത്ഥനകളും മാര്‍ തൊമ്മാശ്ലീഹായുടെയും മാര്‍ ഗീവര്‍ഗീസിന്റെയും മറ്റു വേദസാക്ഷികളുടെയും മല്പാന്മാരുടെയും ഈ പള്ളിയുടെ (ഭവനത്തിന്റെ) മദ്ധ്യസ്ഥനായ (മദ്ധ്യസ്ഥ) ... യും മറ്റു സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങള്‍ക്കഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിലും നിന്നു സംരക്ഷണവും നല്കി നിത്യഭാഗ്യത്തിലേയ്‌ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മ്‌ശം: കര്‍ത്താവേ, അനുഗ്രഹിക്കണമേ.

ഹുത്താമ്മാ
(മുദ്രവയ്‌ക്കല്‍)
കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പീഡയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും രോഗികള്‍ക്കു സുഖം നല്‍കുകയും ദരിദ്രരെ സംരക്ഷിക്കുകയും ചെയ്യേണമേ. പാപികള്‍ക്കു പശ്ചാത്താപവും മരിച്ചവര്‍ക്കു സ്വര്‍ഗ്ഗഭാഗ്യവും നീതിമാന്മാര്‍ക്കു സന്തോഷവും പ്രദാനം ചെയ്യേണമേ. ഒരിക്കല്‍ കൂടി പ്രഭാതം കാണുവാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഇപ്പോഴും + എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍





1 comments: