Wednesday, April 09, 2014

റിയാലിറ്റി ഷോയിൽ തകർപ്പൻ പെർഫോമൻസുമായി ഉർസുലൈൻ കന്യാസ്ത്രീ

റിയാലിറ്റി ഷോകൾ സമർപ്പിതർക്കോ, വൈദികർക്കോ പറ്റില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഇറ്റലിയിലെ ഏറ്റവും പോപ്പുലറായ മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഉർസുലൈൻ കന്യാസ്ത്രീയുടെ തകർപ്പൻ പെർഫോമൻസ് ലോകമെങ്ങും 'വൈറലാ'കുന്നു. അമേരിക്കയിലെ അമേരിക്കൻ ഐഡൾ, ബ്രിട്ടനിലെ ബ്രിട്ടൻസ് ഗോട്ട് ടാലന്റ്, എന്നീ പ്രമുഖ റിയാലിറ്റി ഷോകൾക്ക് പകരം നിൽക്കുന്നതാണ് ഇറ്റലിയിലെ പ്രമുഖ മ്യൂസിക് റിയാലിറ്റി ഷോയായ 'ദ വോയ്‌സ് ഓഫ് ഇറ്റലി'.

ദ വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയുടെ അവതരണ രീതിയനുസരിച്ച് പങ്കെടുക്കാനെത്തിയവർ പെർഫോമൻസ് തുടങ്ങുമ്പോൾ ജഡ്ജസ് പുറം തിരിഞ്ഞിരിക്കും. കേൾക്കുന്ന സംഗീതം ഇഷ്ടപ്പെട്ടാൽ മാത്രമേ അവർ സ്റ്റേജിലേക്ക് തിരിയുകയുള്ളൂ. മാർച്ച് 19ന് നടന്ന മത്സരത്തിൽ പങ്കെടുക്കാനെത്തിയത് സിസ്റ്റർ ക്രിസ്റ്റീന സൂസിയ ആയിരുന്നു. സിസ്റ്റർ പാട്ടുതുടങ്ങി. ആരാണ് ഇത്ര മനോഹരമായി പാടുന്നതെന്നറിയാൻ സ്റ്റേജിലേയ്ക്ക് തിരിഞ്ഞ ജഡ്ജുമാർ ശരിക്കും അമ്പരന്നുപോയി. കറുത്ത സന്യാസവസ്ത്രവും വെള്ളിക്കുരിശും അണിഞ്ഞ സുന്ദരിയായ കന്യാസ്ത്രി! അവർക്ക് കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല.
 

അസാധാരണമായ സംഗീതവാസനയുള്ള കന്യാസ്ത്രീ.. ലോകത്താദ്യമായിട്ടാകും ഒരു റിയാലിറ്റി ഷോയിൽ കഴിവുതെളിയിക്കുവാൻ ഒരു സിസ്റ്റർ എത്തുന്നത്. ഇറ്റലിയിലെ ജനത വളരെയേറെ ആവേശത്തോെടയാണ് അവരെ സ്വീകരിച്ചതും. പ്രേക്ഷകരുടെ കൈയടി നിറുത്തുവാൻ ആയിരുന്നു പെടാപ്പാട്. അത്രയേറെ മനോഹരവും ജീവസുറ്റതുമായിരുന്നു ആ പെർഫോമൻസ്. പ്രേക്ഷകർ നിറുത്താതെ കയ്യടിച്ചപ്പോൾ കൂടെ വന്ന കന്യാസ്ത്രിമാർ പോലും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ജഡ്ജിമാരാകട്ടെ ഇറ്റലിയിലെ പ്രമുഖ പാട്ടുകാരായ റാഫെല്ലാ കാരാ, ജെ. എക്‌സ്. നെയോമി, പിയേറോ പെലു എന്നിവരായിരുന്നു.

അതുല്യമായ പെർഫോമൻസ് കണ്ട് അമ്പരന്നുപോയ ജൂറിമാർക്ക് സത്യം വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അവർ വീണ്ടും ചോദിച്ചു- നിങ്ങൾ യഥാർത്ഥത്തിൽ കന്യാസ്ത്രീയാണോ?'' ''അതെ, ഞാൻ സിസ്റ്റർ തന്നെയാണ് എന്നായിരുന്നു.'' സിസ്റ്റർ ക്രിസ്റ്റീനയുടെ മറുപടി. 'ഞാൻ വന്നത് സുവിശേഷവത്ക്കരണത്തിനാണ്;' സിസ്റ്റർ ക്രിസ്റ്റീന ഓഡിയൻസിനോട് പറഞ്ഞു.

'ദേവാലയത്തിൽ നിങ്ങളുടെ ഗാനം ഞാൻ കേട്ടിരുന്നെങ്കിൽ ഞാൻ എപ്പോഴും ദേവാലയത്തിലായിരുന്നേനെ' എന്നാണ് ജഡ്ജിയും ഇറ്റലിയിലെ അറിയപ്പെടുന്ന റാപ് സംഗീതജ്ഞനുമായ ജെ-എക്‌സ് പറഞ്ഞത്. പിന്നീട് ട്വിറ്ററിലും സിസ്റ്ററിന് അനേകം ആരാധകരെ ലഭിച്ചു. സിസിലിയിൽ നിന്നുള്ള സിസ്റ്റർ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയത് മഠത്തിലെ നാലുസിസ്റ്റർമാരോടും മാതാപിതാക്കളോടുമൊപ്പമായിരുന്നു.
വത്തിക്കാൻ ഇതിനെക്കുറിച്ച് എന്ത് പറയുമെന്ന് ചോദിച്ചപ്പോൾ മാർപാപ്പ എന്നെ അഭിനന്ദിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും സിസ്റ്റർ സുസിയ മറുപടി നൽകി. ഷോയിലെ ഏറ്റവും ജനകീയമായ മത്സരാർത്ഥിയാണ് സിസ്റ്റർ സൂസിയ എന്ന് ജഡ്ജസ് വിധിയെഴുതി.

വൈകാതെ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ തലവൻ കർദ്ദിനാൾ ജിയാൻഫ്രാങ്കോ റവാസി സിസ്റ്ററെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ സന്ദേശമിട്ടു-'മറ്റുള്ളവരെ സേവിക്കുന്നതിനായി നിങ്ങൾക്കോരോരുത്തർക്കും ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകൾ ഇതുപോലെ ഉപയോഗിക്കുക.'
courtesy: Sunday Shalom

0 comments:

Post a Comment